| Saturday, 8th August 2026, 10:59 am

ഇതിഹാസം കേരളത്തിലേക്ക്; മലയാളികളുടെ 'ഐ.പി.എല്‍' അണിയറയില്‍ ഒരുങ്ങുന്നു

സുദേവ് എ

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. കെ.സി.എല്‍ മൂന്നാം സീസണ്‍ തുടങ്ങാനിനിരിക്കെ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നല്‍കുന്നതിനായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കേരളത്തിലെത്തും. ബ്ലൂ ടൈഗേര്‍സിന്റെ സഹ ഉടമ കൂടിയാണ് ഗെയ്ല്‍.

കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെത്തണമെന്നും ഗെയ്ല്‍ വ്യക്തമാക്കി. ടി-20യിലെ എക്കാലത്തെയും മികച്ച ഇതിഹാസമായ ഗെയ്ലിന്റെ വരവ് കെ.സി.എല്ലിന്റെ ജനശ്രദ്ധ വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

സലി സാംസണിന്റെ കീഴിലാണ് ഇത്തവണ കൊച്ചി പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

സഞ്ജു സാംസണ്‍ ഈ സീസണിൽ ഉണ്ടാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സഞ്ജു ഇത്തവണ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സ്വന്തം മണ്ണില്‍ സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം ടൂര്‍ണമെന്റില്‍ കൊച്ചിക്ക് പുറമെ ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.

ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്.

കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണമെന്റ് സഹായകമാകും.

Content Highlight: West Indies legend Chris Gayle to visit Kerala to support Kochi Blue Tigers in Kerala cricket league

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more