| Sunday, 1st February 2026, 8:35 am

വിന്‍ഡീസ് നേടിയത് 114 റണ്‍സ്, 118 അടിച്ചിട്ടും തോറ്റ് സൗത്ത് ആഫ്രിക്ക; ലോകകപ്പിന് മുമ്പ് കരീബിയന്‍സിന് ആശ്വാസ ജയം

ആദര്‍ശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഡെഡ് റബ്ബര്‍ മാച്ചില്‍ കരീബിയന്‍സിന് വിജയം. മോശം കാലാവസ്ഥ മൂലം പത്ത് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡി.എല്‍.എസ് നിയമത്തിലൂടെയാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്.

സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം. ഈ വിജയത്തോടെ ക്ലീന്‍ സ്വീപ് തോല്‍വി ഒഴിവാക്കാനും വിന്‍ഡീസിന് സാധിച്ചു.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ്: 114/3 (10)

സൗത്ത് ആഫ്രിക്ക: 118/6 (10) ടാര്‍ഗെറ്റ് – 125

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ ജോണ്‍സണ്‍ ചാള്‍സിനെ നഷ്ടപ്പെട്ടു. ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും വണ്‍ ഡൗണായി ഇറങ്ങിയ വെടിക്കെട്ട് വീരന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും ഇന്നിങ്‌സുകളുടെ ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്തിയത്.

25 പന്ത് നേരിട്ട ഹോപ്പ് നാല് സിക്‌സറും മൂന്ന് ഫോറും അടക്കം 48 റണ്‍സ് നേടി. ആറ് സിക്‌സറിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 22 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ഇവരുടെ കരുത്തില്‍ പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 114 റണ്‍സിലെത്തി.

ഡി.എല്‍.എസ് നിയമപ്രകാരം സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം പത്ത് ഓവറില്‍ 125 റണ്‍സായി പുനര്‍നിശ്ചയിച്ചു.

ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിനെ തുടക്കത്തിലേ നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്കയെ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ അനുവദിക്കാതെ വിന്‍ഡീസ് പിടിച്ചുകെട്ടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് ഒടുവില്‍ വിജയവും പിടിച്ചെടുത്തു.

പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. 14 പന്തില്‍ 28 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ടോപ്പ് സ്‌കോറര്‍. പത്ത് പന്തില്‍ 26 റണ്‍സുമായി ജേസണ്‍ സ്മിത്തും ഒമ്പത് പന്തില്‍ 17 റണ്‍സുമായി ജോര്‍ജ് ലിന്‍ഡെയും തകര്‍ത്തടിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ പ്രോട്ടിയാസ് വീണു.

രണ്ട് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുഡാകേഷ് മോട്ടിയാണ് ബൗളിങ്ങില്‍ വിന്‍ഡീസിനായി തിളങ്ങിയത്. കളിയിലെ താരവും മോട്ടി തന്നെ.

Content highlight: West Indies defeated South Africa by DLS method

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more