പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന പരമ്പര സ്വന്തമാക്കി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ബ്രയാന്‍ ലാറ അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ പടുകൂറ്റന്‍ വിജയം നേടിയാണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്.
ജയിക്കുന്ന ടീമിന് പരമ്പര നേടാമെന്നിരിക്കെ 202 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ആതിഥേയര്‍ സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് അടുത്ത രണ്ട് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയാണ് പരമ്പര തങ്ങളുടെ പേരിലാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി.
94 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സ് നേടിയാണ് ഹോപ്പ് ഓരോ വിന്‍ഡീസ് ആരാധകരന്റെയും ‘ഹോപ്പ്’ കൈവിടാതെ കാത്തത്. പത്ത് ഫോറും എണ്ണം പറഞ്ഞ അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
24 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 179.17 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
എവിന്‍ ലൂയീസ് (54 പന്തില്‍ 37), റോസ്റ്റണ്‍ ചെയ്‌സ് (29 പന്തില്‍ 36) എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് അടിച്ചെടുത്തു.
പാകിസ്ഥാനായി അബ്രാര്‍ അഹമ്മദ്, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സയീം അയ്യൂബും മുഹമ്മദ് നവാസും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ബാബര്‍ അസം മൂന്നാം ഏകദിനത്തിലും നിരാശപ്പെടുത്തി. 23 പന്ത് നേരിട്ട താരത്തിന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
അഞ്ചാം നമ്പറിലിറങ്ങിയ സല്‍മാന്‍ അലി ആഘായാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 49 പന്ത് നേരിട്ട താരം 30 റണ്‍സടിച്ച് പുറത്തായി.
28 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ മുഹമ്മദ് നവാസ്, 40 പന്തില്‍ 13 റണ്‍സ് നേടിയ ഹസന്‍ നവാസ് എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഓപ്പണര്‍മാരെ പോലെ അവസാന രണ്ട് താരങ്ങളും പൂജ്യത്തിന് തന്നെ മടങ്ങിയതോടെ പാകിസ്ഥാന്റെ പോരാട്ടം 92 റണ്‍സില്‍ അവസാനിച്ചു.
വെസ്റ്റ് ഇന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ് ആറ് വിക്കറ്റുമായി തിളങ്ങി. 7.2 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങിയാണ് സീല്‍സ് ആറ് വിക്കറ്റ് നേടിയത്. ഏകദിനത്തില്‍ ഒരു വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത് ബൗളിങ് ഫിഗറാണിത്. വിന്‍സ്റ്റണ്‍ ഡേവിസ് (7/51), കോളിന്‍ ക്രോഫ്റ്റ് (6/15) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റോസ്റ്റണ്‍ ചെയ്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി. ഒരു പാക് താരം റണ്‍ ഔട്ടാവുകയും ചെയ്തു.
ഷായ് ഹോപ്പാണ് കളിയിലെ താരം. പരമ്പരയിലെ താരമായി ജെയ്ഡന്‍ സീല്‍സിനെയും തെരഞ്ഞെടുത്തു.
Content Highlight: West Indies defeated Pakistan and won the series