| Monday, 27th January 2025, 12:13 pm

ഇങ്ങോട്ട് കിട്ടയത് അതുപോലെ തിരിച്ചുകൊടുത്തു; 34 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിന്‍ഡീസ്, പാകിസ്ഥാന്‍ തോറ്റു

സ്പോര്‍ട്സ് ഡെസ്‌ക്

1990ന് ശേഷം പാകിസ്ഥാനില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ച് വെസ്റ്റ് ഇന്‍ഡീസ്. വെസ്റ്റ് ഇന്‍ഡീസിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മുള്‍ട്ടാന്‍ ടെസ്റ്റിലാണ് കിരീബിയന്‍ കരുത്തന്‍മാര്‍ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോം ടീം വെസ്റ്റ് ഇന്‍ഡീസിനെ 127 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 120 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് സന്ദര്‍ശകര്‍ പരമ്പര സമനിലയില്‍ അവസാനിപ്പിച്ചത്.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ്: 163 & 244

പാകിസ്ഥാന്‍: 154 & 133 (T: 254)

മുള്‍ട്ടാനില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തൊട്ടതെല്ലാം പിഴച്ചു. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞു.

ഒരുവേള 38/7 എന്ന നിലയില്‍ നിന്ന വെസ്റ്റ് ഇന്‍ഡീസിനെ ഗുഡാകേഷ് മോട്ടിയുടെ അര്‍ധ സെഞ്ച്വറിയാണ് താങ്ങി നിര്‍ത്തിയത്. 87 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. 40 പുറത്താകാതെ 36 റണ്‍സ് നേടിയ ജോമല്‍ വാരികനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

പാകിസ്ഥാനായി നോമന്‍ അലി ആറ് വിക്കറ്റ് നേടി. സാജിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദും കാഷിഫ് അലിയും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ പാകിസ്ഥാനും കൈ പൊള്ളി. 154 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ടീമിന് നേടാന്‍ സാധിച്ചത്. 75 പന്തില്‍ 49 റണ്‍സടിച്ച് മുഹമ്മദ് റിസ്വാനാണ് ടോപ് സ്‌കോറര്‍.

നാല് വിക്കറ്റുമായി ജോമല്‍ വാരികനും മൂന്ന് വിക്കറ്റുമായി ഗുഡാകേഷ് മോട്ടിയും പാകിസ്ഥാന് മേല്‍ പടര്‍ന്നുകയറി. രണ്ട് വിക്കറ്റ് വീഴ്ത്തിയ കെമര്‍ റോച്ചും മികച്ച പ്രകടനം പുറത്തെടുത്തു.

ഒമ്പത് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍ഡീസിനായി ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 74 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.

ടെവിന്‍ ഇംലാച്ച് (57 പന്തില്‍ 35), ആമിര്‍ ജാംഗോ (52 പന്തില്‍ 30) കെവിന്‍ സിംക്ലെയര്‍ (51 പന്തില്‍ 28) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

സാജിദ് ഖാനും നോമന്‍ അലിയും ഫോര്‍ഫര്‍ നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദും കാഷിഫ് അലിയും ഓരോ വിക്കറ്റുകളും നേടി.

ഒടുവില്‍ 244 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് 254 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്ഥാന് മുമ്പില്‍ വെച്ചു.

എന്നാല്‍ ആദ്യ ഇന്നിങ്‌സിനേക്കാള്‍ മോശം അവസ്ഥയിലാണ് പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്തത്. വിന്‍ഡീസ് ബൗളിങ് യൂണിറ്റിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന്റെ ഒരു ബാറ്റര്‍ക്കും സാധിച്ചില്ല. 67 പന്തില്‍ 31 റണ്‍സ് നേടിയ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ ഫോര്‍ഫറുമായി തിളങ്ങിയ ജോമല്‍ വാരികന്‍ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫറുമായും മികച്ച പ്രകടനം പുറത്തെടുത്തു. കെവിന്‍ സിംക്ലെയര്‍ മൂന്ന് താരങ്ങളെ മടക്കിയപ്പോള്‍ ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റും നേടി.

Content Highlight: West Indies defeated Pakistan

We use cookies to give you the best possible experience. Learn more