| Wednesday, 5th November 2025, 3:56 pm

എട്ടാമന്റെ 28 പന്തിലെ 55*ഉം തുണച്ചില്ല; തോറ്റ് തുടങ്ങി കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ക്ക് വിജയം. ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ കരീബിയന്‍സ് 1-0ന് മുമ്പിലാണ്.

മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്.

39 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 135.90 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

23 പന്തില്‍ 33 റണ്‍സ് നേടിയ റോവ്മന്‍ പവലും 27 പന്തില്‍ 28 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്‌സുമാണ് വെസ്റ്റ് ഇന്‍ഡീസിനായി സ്‌കോര്‍ കണ്ടെത്തിയ മറ്റ് താരങ്ങള്‍

ന്യൂസിലാന്‍ഡിനായി ജേകബ് ഡഫിയും സാക്രി ഫോള്‍ക്‌സും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ കൈല്‍ ജാമൈസണും ജിമ്മി നീഷവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ടോപ്പ് ഓര്‍ഡര്‍ മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും മിഡില്‍ ഓര്‍ഡറിന് അത് മുതലെടുക്കാന്‍ സാധിക്കാതെ പോയതോടെ ടീം സമ്മര്‍ദത്തിലായി. ടോപ്പ് ഓര്‍ഡറില്‍ ടിം റോബിന്‍സണ്‍ 21 പന്തില്‍ 27 റണ്‍സും ഡെവോണ്‍ കോണ്‍വേ 12 പന്തില്‍ 13 റണ്‍സും നേടി. 19 പന്തില്‍ 21 റണ്‍സ് നേടിയാണ് രചിന്‍ രവീന്ദ്ര പുറത്തായത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസ് മത്സരത്തില്‍ മൊമെന്റം കൈവിടാതെ സൂക്ഷിച്ചത്. ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ എട്ടാമനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ക്രീസിലെത്തി. ടീമിനെ കരകയറ്റാനുള്ള ഉത്തരവാദിത്വം സ്വയമേറ്റെടുത്ത ക്യാപ്റ്റന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

ഒന്നിന് പിന്നാലെ ഒന്നായി ഫോറുകളുമായി സാന്റ്‌നര്‍ കളം നിറഞ്ഞുകളിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്താണ് താരം തിളങ്ങിയത്.

എന്നാല്‍ സാന്റ്‌നറിനെ ഒരറ്റത്ത് നിര്‍ത്തി മറുവശത്തെ ആക്രമിച്ച വിന്‍ഡീസ് തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തി. ഒടുവില്‍ 120ാം പന്തും എറിഞ്ഞുതീര്‍ത്തപ്പോള്‍ ന്യൂസിലാന്‍ഡ് വിജയത്തിന് എട്ട് റണ്‍സകലെ കാലിടറി വീണു.

28 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് സാന്റ്‌നര്‍ സ്വന്തമാക്കിയത്. രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 196.43 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സും ജെയ്ഡന്‍ സീല്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അകീല്‍ ഹൊസൈന്‍, മാത്യൂ ഫോര്‍ഡെ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക് തന്നെയാണ് വേദി.

Content highlight: West Indies defeated New Zealand

We use cookies to give you the best possible experience. Learn more