| Wednesday, 11th February 2026, 11:00 pm

ലോകകപ്പില്‍ വിന്‍ഡീസ് കരുത്ത്; കരീബിയന്‍ പടക്ക് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ടീം വിജയം നേടിയത്. അതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ കരീബിയന്‍ പടയ്ക്ക് സാധിച്ചു.

വിന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 166 റണ്‍സിന് പുറത്താവുകയായിരുന്നു. ഒരു ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിന്‍ഡീസിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയാണ്. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന്റെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച ഷിംറോണ്‍ ഹെറ്റ്‌മേയറും റോസ്റ്റണ്‍ ചെയ്‌സും ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍, ഈ സഖ്യത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. ആറാം ഓവറില്‍ ഹെറ്റ്‌മേയര്‍ 12 പന്തില്‍ 23 റണ്‍സ് നേടി തിരികെ നടന്നു.

പത്താം ഓവറില്‍ 29 പന്തില്‍ 34 റണ്‍സുമായി ചെയ്‌സും പുറത്തായി. അതോടെ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് ക്രീസിലെത്തി. പിന്നീട് താരം ടീമിന്റെ പോരാട്ടം ഏറ്റെടുത്തു. താരം അര്‍ധ സെഞ്ച്വറി വിന്‍ഡീസിനായി തിളങ്ങി.

ഇതിനിടയില്‍ ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലും കൂടാരം കയറി. ഹോള്‍ഡര്‍ 17 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ പാവല്‍ 13 പന്തില്‍ 14 റണ്‍സുമെടുത്തു. അപ്പോഴും ക്രീസില്‍ തുടര്‍ന്ന റുഥര്‍ഫോര്‍ഡ് 42 പന്തില്‍ 76 റണ്‍സെടുത്ത് പുറത്താത്തവത്തെ നിന്നു. അതോടെ നിശ്ചിത ഓവറില്‍ വിന്‍ഡീസിന് ആറ് വിക്കറ്റിന് 196 റണ്‍സ് പടുത്തുയര്‍ത്തി.

ആദില്‍ റഷീദും ജെയ്മി ഒവേര്‍ട്ടണും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സാം കറനും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. എന്നാല്‍, ടീം സ്‌കോര്‍ 38 റണ്‍സ് ആയപ്പോഴേക്കും ഫില്‍ സാള്‍ട്ട് തിരികെ നടന്നു. 14 പന്തില്‍ 30 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ഒരുമിച്ച ജോസ് ബട്‌ലര്‍ – ജേക്കബ് ബേഥല്‍ സഖ്യം പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു.

എന്നാല്‍ ബട്‌ലര്‍ 14 പന്തില്‍ 21 റണ്‍സുമായി മടങ്ങി. അടുത്ത ഓവറില്‍ പിന്നീട് ക്രീസിലെത്തിയ ടോം ബാന്റണിനെ പുറത്താക്കി വിന്‍ഡീസ് ഇംഗ്ലണ്ടിന് പ്രഹരമേല്പിച്ചു. ഏറെ വൈകാതെ ബേഥലും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി.

പിന്നീട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സാം കറനും ക്രീസിലെത്തി. ബ്രൂക്ക് വളരെ വേഗം തന്നെ മടങ്ങിയെങ്കിലും കറന്‍ പിടിച്ചുനിന്നു. ഇംഗ്ലണ്ടിനായി വാലറ്റത്തില്‍ എത്തിയവരെല്ലാം ഒരു ചെറുത്തുനില്‍പ്പ് പോലും നടത്താതെ തിരിച്ച് നടന്നപ്പോഴും കറന്‍ മികച്ച ബാറ്റിങ്ങുമായി ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ 19ാം ഓവറിലെ അവസാന പന്തില്‍ ആദില്‍ റഷീദ് പത്താമനായി പുറത്തായതോടെ ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നു. കറന്‍ 30 പന്തില്‍ 43 റണ്‍സുമായി പുറത്താവാതെ നിന്നു.

വിന്‍ഡീസിനായി ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റുകളും ചെയ്സ് രണ്ട് വിക്കറ്റും വീഴ്ത്തി. റൊമാരിയോ ഷെഫേര്‍ഡ്, ഷമാര്‍ ജോസഫ്, അകീല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമായി ഇവര്‍ക്കൊപ്പം ചേര്‍ന്നു.

Content Highlight: West Indies defeated England in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more