| Wednesday, 17th September 2025, 1:15 pm

ഫൈനലിലെത്തിയാല്‍ പിന്നെ മൂന്ന് ദിവസം തികച്ചില്ല; ഏഷ്യാ കപ്പ് കഴിഞ്ഞെത്തുന്ന ഇന്ത്യയ്ക്ക് എതിരാളികളായി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സന്ദര്‍ശകര്‍. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള സ്‌ക്വാഡാണ് കരീബിയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

റോയ്‌സ്റ്റണ്‍ ചെയ്‌സിനെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷായ് ഹോപ്പ്, അല്‍സാരി ജോസഫ്, ജോമെല്‍ വാരികന്‍, ഷമര്‍ ജോസഫ് എന്നിര്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

റോസ്റ്റണ്‍ ചെയ്‌സ്

ഒക്ടോബര്‍ രണ്ടിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം.

നിലവില്‍ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ടെസ്റ്റ് ടിമില്‍ നിന്നുള്ള മൂന്ന് താരങ്ങള്‍ മാത്രമാണുള്ളത്. അതിലൊരാളാകട്ടെ ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലും. ഏഷ്യാ കപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ശുഭ്മന്‍ ഗില്‍.

സെപ്റ്റംബര്‍ 28നാണ് ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. അഥവാ ഇന്ത്യ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ ടെസ്റ്റ് മത്സരത്തിന് മുമ്പ് ഗില്ലിന് മൂന്ന് ദിവസം മാത്രമേ വിശ്രമം ലഭിക്കൂ. ഏഷ്യാ കപ്പ് ടീമില്‍ താരം വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ താരത്തെ ബെഞ്ചിലിരുത്തി വിശ്രമം നല്‍കുക എന്നതും ടീമിനെ സംബന്ധിച്ച് ബുദ്ധിമുട്ടായേക്കും.

ഇന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

റോസ്റ്റണ്‍ ചെയ്‌സ് (ക്യാപ്റ്റന്‍), ജോമെല്‍ വാരികന്‍, കെവ്‌ലോണ്‍ ആന്‍ഡേഴ്‌സണ്‍, അലിക് അത്തനാസ്, ജോണ്‍ കാംപ്‌ബെല്‍, തഗനരെയ്ന്‍ ചന്ദര്‍പോള്‍, ജസ്റ്റീന്‍ ഗ്രീവ്‌സ്, ഷായ് ഹോപ്പ്, ടെവിന്‍ ഇംലാച്ച്, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ബ്രാന്‍ഡന്‍ കിങ്, ആന്‍ഡേഴ്‌സണ്‍ ഫിലിപ്, ഖാരി പിയെര്‍, ജെയ്ഡന്‍ സീല്‍സ്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം

ആദ്യ ടെസ്റ്റ് – ഒക്ടോബര്‍ 2-6 – ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, അഹമ്മദാബാദ്

രണ്ടാം ടെസ്റ്റ്: ഒക്ടോബര്‍ 10-14 – അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം, ദല്‍ഹി

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് പരമ്പരയാണിത്. ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് സമനിലയില്‍ അവസാനിച്ചത്. നിലവില്‍ സ്റ്റാന്‍ഡിങ്‌സില്‍ ഓസ്‌ട്രേലിയക്കും ശ്രീലങ്കയ്ക്കും താഴെ മൂന്നാമതാണ് ഇന്ത്യ.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ പരമ്പര വൈറ്റ്‌വാഷ് ചെയ്ത് പരാജയപ്പെട്ടതിന്റെ അപമാനഭാരം മറക്കാനും സൈക്കിളിലെ ആദ്യ വിജയം തേടിയുമാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ മണ്ണിലെത്തുന്നത്.

Content Highlight: West Indies announced squad for test series against India

We use cookies to give you the best possible experience. Learn more