| Monday, 26th January 2026, 8:49 pm

ഹോം ലോകകപ്പിലെ 11 താരങ്ങള്‍ ടീമില്‍; ലോകകപ്പിന് കച്ച മുറുക്കി കരീബിയന്‍ പട

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഷായ് ഹോപ്പിനെ നായകനാക്കി 15 അംഗ ടീമിനെയുമാണ് കരീബിയന്‍ പട ഇന്ത്യയിലെത്തുന്നത്. അഫ്ഗാനിസ്ഥാന് എതിരെയുള്ള പരമ്പര നഷ്ടമായതിന് ശേഷമാണ് ഹോപ് നായകനായി തിരിച്ചെത്തുന്നത്.

സ്വന്തം മണ്ണില്‍ അരങ്ങേറിയ 2024 ലോകകപ്പ് കളിച്ച 11 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വിന്‍ഡീസ് ഇത്തവണത്തെ ടൂര്‍ണമെന്റിന് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിന്ഡീസിനായി ലോകകപ്പിന് ഇറങ്ങുന്നത് വെടിക്കെട്ട് ബാറ്റര്‍മാരുടെയും പരിചയസമ്പന്നരായ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു പവര്‍ പാക്ക് ടീം തന്നെയാണ്.

ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും മുന്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവലും ടീമിലേക്ക് തിരിച്ചെത്തി. ഇവര്‍ക്കൊപ്പം കഴിഞ്ഞ പരമ്പരയില്‍ വിശ്രമം അനുവദിച്ച റൊമാരിയോ ഷെപ്പേര്‍ഡും സ്‌ക്വാഡില്‍ ഇടം കണ്ടെത്തി.

കൂടാതെ അഫ്ഗാനെതിരെയുള്ള പരമ്പരയില്‍ ഇല്ലാതിരുന്ന റോസ്റ്റണ്‍ ചെയ്സ്, അഖീല്‍ ഹൊസൈന്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരും ലോകകപ്പില്‍ കളിക്കും. പരിക്ക് കാരണം ഏറെ കാലം ടീമിന് പുറത്തായിരുന്ന ഫാസ്റ്റ് ബൗളര്‍ ഷമാര്‍ ജോസഫാണ് മറ്റൊരു ശ്രദ്ധേയമായ സെലക്ഷന്‍.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സി.പി.എല്‍) തിളങ്ങിയ വെടിക്കെട്ട് ബാറ്റര്‍ ക്വെന്റിന്‍ സാംപ്‌സണെയും വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ അവസാനിച്ച അഫ്ഗാനെതിരെയുള്ള പരമ്പരയിലൂടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

വെസ്റ്റ് ഇൻഡീസ് ടീം. Photo: Arshy/x.com

പേസര്‍മാരായി ഹോള്‍ഡറിനൊപ്പം മാത്യു ഫോര്‍ഡും ജെയ്ഡന്‍ സീല്‍സുമുണ്ട്. സ്പിന്‍ യൂണിറ്റില്‍ ചെയ്സിനും അഖീലിനും പുറമെ ഗുഡാകേഷ് മോട്ടീ ഇടം പിടിച്ചു. ഇടംകൈയ്യന്‍ ഓപ്പണര്‍ എവിന്‍ ലൂയിസിനോ ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫിനോ ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചില്ല.

അതേസമയം, ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന ലോകകപ്പില്‍ വിന്‍ഡീസ് ഗ്രൂപ്പ് സിയിലാണ്. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ടി – 20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോണ്‍സണ്‍ ചാള്‍സ്, റോസ്റ്റണ്‍ ചെയ്സ്, മാത്യു ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അഖീല്‍ ഹൊസൈന്‍, ഷമാര്‍ ജോസഫ്, ബ്രാന്‍ഡന്‍ കിങ്, ഗുഡാകേഷ് മോട്ടീ, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ക്വെന്റിന്‍ സാംപ്‌സണ്‍, ജെയ്ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്

Content Highlight: West Indies announce squad for T20 World Cup 2026 including 11 players in previous world Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more