| Monday, 23rd November 2026, 4:32 pm

പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കണം: തീരുമാനമെടുത്തെന്ന പ്രഖ്യാപനവുമായി സുവേന്ദു അധികാരി

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിര്‍ദേശം നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭ. നവംബര്‍ 23-ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.

ഡിസംബര്‍ നാല് മുതല്‍ 14 വരെ നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍, ഡിസംബര്‍ ഒമ്പതിന് ഈ പ്രമേയം അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം ഒരു സംസ്ഥാനത്തിന് സ്വന്തം നിലയില്‍ പേര് മാറ്റാന്‍ സാധിക്കില്ല. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ ശേഷം കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുകയും, തുടര്‍ന്ന് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുകയും ചെയ്താല്‍ മാത്രമേ പേര് മാറ്റം ഔദ്യോഗികമായി നിലവില്‍ വരികയുള്ളൂ.

സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ വീണ്ടും ജീവന്‍ വെക്കുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗ’ എന്ന് ഏകീകരിക്കുന്നതിലൂടെ 1947-ലെ വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ നിലപാട്.

അതേസമയം, ‘പശ്ചിം’ (West) എന്നത് ഒഴിവാക്കി സംസ്ഥാനത്തിന് ‘ബംഗ്ലാ’ (Bangla) എന്ന് പേരിടണമെന്നായിരുന്നു മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട്. 2018-ല്‍ ഇതിനായി നിയമസഭ പ്രമേയം പാസാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. 1999-ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടന്നിരുന്നു.

Content Highlight: West Bengal should be renamed ‘Paschim Banga’: Suvendu Adhikari announces that a decision has been taken.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more