കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്‌ലിം കച്ചവടക്കാരെ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചയാൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിലായിരുന്നു സംഭവം നടന്നത്. ഇരുമ്പ് വടിയുമായെത്തിയ യുവാവ് മുസ്‌ലിം കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ ആക്രമിക്കുമെന്നായിരുന്നു ഭീഷണി.
സംഭവത്തിൽ ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്തയാണ് പൊലീസ് കസ്റ്റഡിയിലായത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുറത്ത് വന്ന വീഡിയോയിൽ യുവാവ് ഇരുമ്പ് വടിയുമായി കച്ചവടക്കാരെയും ഔട്ടോ ഡ്രൈവറെയും ഭീഷണിപ്പെടുത്തുന്നത് കാണാം.
യുവാവ് കച്ചവടക്കാരനോട് ഹനുമാൻ ചാലിസ ചൊല്ലാനും ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തനിക്ക് ഹനുമാൻ ചാലിസ അറിയില്ലെന്ന് പറഞ്ഞ കച്ചവടക്കാരനെ യുവാവ് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. ആക്രമണം അഴിച്ചുവിടുന്നതോടൊപ്പം ഇയാൾ മുസ്‌ലിം വിരുദ്ധമായ പല പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
‘നിങ്ങൾ ഇന്ത്യയിൽ താമസിക്കരുത്. പാകിസ്ഥാനിലേക്ക് ഓടിപ്പോകൂ, അല്ലാഹുവിനെ വിളിച്ചാൽ നിന്നെ ഞാൻ ജീവനോട് വിടില്ല’ തുടങ്ങിയ പരാമർശങ്ങളായിരുന്നു അമിത് ദത്ത പറഞ്ഞത്.
ഓട്ടോറിക്ഷക്കാരനടുത്തെത്തിയ ദത്ത സമാനമായ രീതിയിൽ ഓട്ടോറിക്ഷക്കാരനെയും ഭീഷണിപ്പെടുത്തി. ഓട്ടോക്കാരൻ ജയ് ശ്രീറാം വിളിച്ചതോടെ ദത്ത നീയൊരിക്കലും അള്ളാഹു അക്ബർ എന്ന വിളിക്കരുതെന്നും വിളിച്ചാൽ കൊന്നുകളയുമെന്നും ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി. പിന്നാലെ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഓട്ടോയുടെ മേൽ അടിക്കുകയും ആക്രോശിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ നടന്ന സംഘർഷം ഒരുപരിധിവരെ അവസാനിച്ചിരിക്കുകയാണ്. വഖഫ് ബില്ലിനെതിരായ പശ്ചിമ ബംഗാളിലെ പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുര്‍ഷിദാബാദിലെ സംസേര്‍ഗഞ്ചിലെ പ്രതിഷേധത്തിലായിരുന്നു രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 110 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: West Bengal police arrests man who forced vendors to chant ‘Jai Shri Ram’