കൊല്‍ക്കത്ത: സംസ്ഥാനത്ത് അറസ്റ്റിലായ വിദേശികള്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ‘രാജ്യത്ത് നിയമവിരുദ്ധമായി കഴിയവെ അറസ്റ്റിലായ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും’ നാട് കടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് തടങ്കല്‍ കേന്ദ്രങ്ങളെന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.
നാട് കടത്തലിനുള്ള കേന്ദ്ര മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തടവ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് നാട് കടത്തുന്ന റോഹിങ്ക്യന്‍ വംശജരെയും ബംഗ്ലാദേശികളെയും ഈ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവില്‍ പറയുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും കൊല്‍ക്കത്തയിലെ ഫോറിനര്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിനും കൈമാറിയിട്ടുണ്ട്.
അറസ്റ്റിലായ വിദേശികള്‍, ജയില്‍ മോചിതരായി നാട് കടത്തല്‍ നടപടി കാത്തിരിക്കുന്ന വിദേശികള്‍ എന്നിവരെ പാര്‍പ്പിക്കാനാണ് തടങ്കല്‍ കേന്ദ്രമെന്ന് ഉത്തരവില്‍ പറയുന്നു.
‘സംസ്ഥാനത്തെ അനധികൃത കുടിയേറ്റം ഇല്ലാതാക്കും,’ എന്ന് പശ്ചിമ ബംഗാളില്‍ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ‘പശ്ചിമ ബംഗാളിലെ ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തുകയും രേഖകളില്‍ നിന്ന് വെട്ടുകയും നാടുകടത്തുകയും ചെയ്യും’ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് പൗരത്വ ഭേദഗദതി നിയമം (സി.എ.എ) പ്രകാരമുള്ള നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു. ‘സി.എ.എ പരിധിയിലുള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ സി.എ.എ പരിരക്ഷ ഇല്ലാത്തവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി പുറത്താക്കും,’ എന്നും സുവേന്ദു അധികാരി അടുത്തിടെ പറഞ്ഞിരുന്നു.
2024 ഡിസംബര്‍ 31ന് മുന്‍പ് സംസ്ഥാനത്തെത്തിയ, സി.എ.എ പ്രകാരം പൗരത്വത്തിന് യോഗ്യതയുള്ളവര്‍ക്ക് നിയമപരമായ പൗരത്വം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2024 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സി.എ.എ പ്രകാരം സാധിക്കും.
Content Highlight: West Bengal orders holding centres for Bangladeshis, Rohingyas awaiting deportation