| Tuesday, 20th October 2026, 7:21 am

ഇടത് പാര്‍ട്ടികളുടെ ബുക്ക് സ്റ്റാളുകള്‍ക്ക് നേരെയുള്ള ആക്രമണം: ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം

ദേവിക ജയചന്ദ്രന്‍

കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്ക് ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍ നടത്തുന്ന ബുക്ക് സ്റ്റാളുകള്‍ക്ക് നേരെ സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും നടത്തുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് ബംഗാള്‍ ധനകാര്യമന്ത്രി സ്വപന്‍ ദാസ് ഗുപ്തയും ആര്‍.എസ്.എസ് നേതാവ് ജിഷ്ണു ബസുവും രംഗത്ത്. ബുക്ക്സ്റ്റാളുകളില്‍ ‘ശാരദോത്സവ്’ എന്നതിന് പകരം ദുര്‍ഗാപൂജ എന്ന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ബുക്ക് സ്റ്റാളുകള്‍ക്ക് അനുമതി നല്‍കില്ല എന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ഒരു മാസം മുന്നെ തന്നെ പറഞ്ഞിരുന്നു.

ദുര്‍ഗാപൂജ ആരംഭിച്ചതോടെ ബുക്ക്‌സ്റ്റാളുകളെ ലക്ഷ്യമിട്ട് ബംഗാള്‍ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും എത്തി. ജാദവ്പൂര്‍, റാഷ്ബിഹാരി, നാഗേര്‍ബസാര്‍, ധാക്കുരിയ, ഷിബ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.ഐ.എമ്മും മറ്റ് ഇടത് സംഘടനകളുടെയും ബുക്ക്സ്റ്റാളുകള്‍ പൊലീസ് പൊളിച്ചുമാറ്റി. മറ്റ് ചിലയിടങ്ങളില്‍ ബി.ജെ.പി അനുഭാവികള്‍ തന്നെ ബുക്ക്സ്റ്റാളുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.

ബംഗാള്‍ ധനകാര്യമന്ത്രിയും ആര്‍.എസ്.എസ് നേതാവായ ജിഷ്ണു ബസുവും ഇതിനെ പരസ്യമായി വിമര്‍ശിച്ചു. പുസ്തകസ്റ്റാളുകളുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് പശ്ചിമ ബംഗാള്‍ ധനകാര്യമന്ത്രി സ്വപന്‍ ദാസ് ഗുപ്ത പറഞ്ഞു.

‘കഴിഞ്ഞ 30-40 വര്‍ഷമായി ഞാന്‍ ഇത്തരം സ്റ്റാളുകള്‍ കാണുന്നുണ്ട്. വലിയ ശ്രദ്ധയൊന്നും ആകര്‍ഷിച്ചില്ലെങ്കിലും, അവര്‍ സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്. പുസ്തക സ്റ്റാളുകള്‍ക്ക് ചുറ്റും നടക്കുന്ന അക്രമണങ്ങളെയും ഗുണ്ടായിസത്തെയും ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല’, ബംഗാളി ടി.വി ചാനലായ എ.ബി.പി ആനന്ദയോട് ഗുപ്ത പറഞ്ഞു.

പശ്ചിമബംഗാളിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവായ ജിഷ്ണു ബസു ബുക്ക്സ്റ്റാളുകള്‍ തകര്‍ക്കുന്നതില്‍ യാതൊരു ധീരത്വവുമില്ലെന്നും ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ ഭീരുക്കളാണെന്നും പറഞ്ഞു. സൗത്ത് ബംഗാള്‍ സഹ ക്ഷേത്ര പ്രചാര്‍ പ്രമുഖ് ആയി ബസു ‘അധികാരലഹരിയില്‍ ആറാടുകയും പുസ്തകസ്റ്റാളുകള്‍ അടച്ചുപൂട്ടാന്‍ പൊലീസിനെ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക്’ ഈ രാജ്യത്തെക്കുറിച്ച് ധാരണയില്ലെന്നും, തങ്ങളെത്തന്നെ ഹിന്ദുക്കള്‍ എന്ന് വിളിക്കാന്‍ അര്‍ഹതയില്ലെന്നും വ്യക്തമാക്കി.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടക്കുമ്പോള്‍ മാത്രമേ പൊലീസ് നടപടിയെടുക്കാന്‍ പാടുള്ളൂ എന്നും അല്ലാത്ത പക്ഷം സി.പി.ഐ.എം, സി.പി.ഐ, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) എന്നിവര്‍ക്ക് പുസ്തകസ്റ്റാളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആര്‍.എസ്.എസ് ഭാരവാഹി പറഞ്ഞു.

എന്നാല്‍ ഇടത് പക്ഷ പാര്‍ട്ടികളെ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി വീണ്ടും വിമര്‍ശിച്ചു. പൂര്‍വികര്‍ ചൈനയില്‍ നിന്നുള്ളവരായ ആളുകളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഇക്കൂട്ടരാണെന്നും അധികാരി പറഞ്ഞു.

സ്വന്തം നാടായ കാന്തിയില്‍ നടന്ന ദുര്‍ഗാപൂജ ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി, കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരം ആചാരങ്ങളിലൊന്നും പങ്കെടുക്കില്ലന്നും കൈയില്‍ ചരട് കെട്ടുകയോ നെറ്റിയില്‍ തിലകം ചാര്‍ത്തുകയോ ചെയ്യാറില്ലെന്നും പറഞ്ഞു.

അരനൂറ്റാണ്ടോളമായി ബംഗാളില്‍ ദുര്‍ഗാപൂജയുടെ ഭാഗമാണ് സി.പി.ഐ.എം, സി.പി.ഐ.എം(എംഎല്‍) ലിബറേഷന്‍, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന ബുക്സ്റ്റാളുകള്‍. മാര്‍ക്‌സിസ്റ്റ് സാഹിത്യം, ജനപ്രിയ ബംഗാളി ഫിക്ഷന്‍, ശാസ്ത്ര പുസ്തകങ്ങള്‍ എന്നിവയാണ് ഇവിടെ വില്‍ക്കുന്നത്. എന്നിരുന്നാലും, ഈ സ്റ്റാളുകളില്‍ പരമ്പരാഗതമായി ‘ദുര്‍ഗ്ഗാ പൂജ’ എന്ന് വ്യക്തമായി ഉപയോഗിക്കുന്നതിനുപകരം ‘ശാരോദോത്സവ്’ പോലുള്ള പദങ്ങളുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

സനാതന ധര്‍മത്തെ വെറും സാംസ്‌കാരിക കാര്യമായി മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ കാണുന്നതെന്നും അവര്‍ ദുര്‍ഗാപൂജയെ ശാരദോത്സവ് എന്നാണ് വിളിക്കുന്നതെന്നും സുവേന്ദു അധികാരി വിമര്‍ശിച്ചിരുന്നു. ഇതോടെ ദുര്‍ഗാപൂജ അടുത്തതോടെ നിരവധി സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ സ്റ്റാളുകള്‍ ആക്രമിക്കപ്പെട്ടു.

പലയിടത്തും അനുമതിയുണ്ടായിട്ടും പൊലീസും തദ്ദേശ സ്വയംഭരണ അധികൃതരും ചേര്‍ന്ന് ബുക്ക്സ്റ്റാളുകള്‍ പൊളിച്ചുനീക്കി. ചിലയിടങ്ങളില്‍ ബി.ജെ.പി അനുയായികള്‍ തന്നെ ബുക്ക്സ്റ്റാളുകള്‍ അക്രമിക്കുകയും പുസ്തകങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

Content Highlight: West Bengal finance minister and an RSS leader criticised the bookstall attacks in the states during Durga Pooja.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more