| Sunday, 21st September 2025, 2:39 pm

അർഹിച്ച അം​ഗീകാരം; ഞാൻ നിങ്ങളുടെ ആരാധകനായി തുടരും; മോഹൻലാലിന് അഭിനന്ദനം അറിയിച്ച് അമിതാഭ് ബച്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കേ പുരസ്‌കാരം സ്വന്തമാക്കിയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ.

പുരസ്കാരം ലഭിച്ച മോഹൻലാലിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഇത് അർഹിക്കുന്ന അംഗീകാരവുമെന്നാണ് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. താൻ മോഹൻലാലിൻറെ ആരാധകനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് മോഹൻലാൽ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും ഏറ്റവും അർഹിച്ച അം​ഗീകാരമാണ്! നിങ്ങളുടെ കലയുടെ വലിയൊരു ആരാധകനാണ് ഞാൻ. ഏറ്റവും ആഴമേറിയ വികാരങ്ങൾ പോലും നിങ്ങൾ വളരെ സിമ്പിളായി അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. നിങ്ങളുടെ അതുല്യമായ കഴിവുകൾ ഞങ്ങളെയും പ്രചോദിപ്പിക്കട്ടെ. ഞാൻ നിങ്ങളുടെ ആരാധകനായി തുടരും,’ അമിതാഭ് ബച്ചൻ കുറിച്ചു.

തന്നെ താനാക്കിയ മലയാളം സിനിമയോട് നന്ദി പറയുന്നുവെന്നും ഇത് മലയാളം സിനിമക്ക് കിട്ടിയ അംഗീകാരമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഈ അംഗീകാരം മലയാള സിനിമയ്ക്ക് നൽകുന്നു. ഒരുപാട് മഹാരധൻമാർ നടന്നുപോയ വഴിയിലൂടെയാണ് താനും സഞ്ചരിക്കുന്നത്. ഇതിന് മുമ്പ് ഈ പുരസ്‌കാരം കിട്ടിയിരിക്കുന്നതൊക്കെ വലിയ മഹാൻമാർക്കാണ്. അതിന്റെയൊരു ഭാഗമാകാൻ കഴിഞ്ഞതിലുള്ള നന്ദി താൻ അറിയിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേ‍ർത്തു.

മോഹൻലാലിന് പുരസ്‌കാരം കിട്ടിയതിന് പിന്നാലെ ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രശസ്തർ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.

മോഹൻലാൽ സഹോദരൻ ആണെന്നും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരത്തിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്യുന്ന യഥാർത്ഥ കലാകാരനാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മോഹൻലാലിന്റെ പുരസ്‌കാര നേട്ടം മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. അനുപമമായ കലാജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും അദ്ദേഹം കുറിച്ചു.

മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹൻലാലെന്നാണ് പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്. പതിറ്റാണ്ടുകളുടെ സമ്പന്നമായ തന്റെ കലാജീവിതം കൊണ്ട് മോഹൻലാൽ മലയാള സിനിമയുടെയും നാടകവേദിയുടെയും വഴികാട്ടിയായെന്നും മോദി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരം ലഭിച്ച മലയാളി. 2004ലാണ് അടൂരിന് പുരസ്‌കാരം ലഭിച്ചത്.

ചൊവ്വാഴ്ച നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം മോഹൻലാലിന് സമ്മാനിക്കും.

Content Highlight: Well deserved recognition; I will remain your fan Amitabh Bachan to Mohanlal

We use cookies to give you the best possible experience. Learn more