| Thursday, 20th November 2025, 5:24 pm

കേന്ദ്രം ബഹുമുഖ ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോഴും ഇന്നുമുതൽ പെൻഷൻ കുടിശ്ശിക രഹിത സംസ്ഥാനമായി കേരളം മാറി: കെ.എൻ ബാലഗോപാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് മുകളിൽ ബഹുമുഖ ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോഴും ഇന്നുമുതൽ പെൻഷൻ കുടിശ്ശിക
ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ.

ഇന്ന് (വ്യാഴം) മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ക്ഷേമ പെൻഷൻ വിതരണത്തിൽ സന്തോഷമുണ്ടെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

കേരളത്തിൽ ക്ഷേമ പെൻഷൻ കുടിശ്ശിക ഇല്ലാതാകുന്നുവെന്നും 1600 ൽ നിന്നും 2000 ആയി വർധിപ്പിച്ച ക്ഷേമപെൻഷൻ തുക ഇന്നു മുതൽ 62 ലക്ഷം പേരിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യമറിയിച്ചത്.

സാമൂഹ്യ സുരക്ഷ പെൻഷൻ വർധിപ്പിച്ചതും പെൻഷൻ കുടിശ്ശിക തീരുന്നതും ഇത്രകാര്യമായി എടുത്തുപറയുന്നത് എന്തിനാണെന്ന് ജനങ്ങൾ ചിന്തിച്ചേക്കാമെന്നും എന്നാൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് മുകളിൽ ചുമത്തുന്ന സാമ്പത്തിക ഉപരോധങ്ങൾ നേരിടുന്ന ഈ കാലത്ത് ഇത് സാധിച്ചെന്നത് ഏറെ അഭിമാനമുണ്ടാക്കുന്നതാണെന്നും ബാലഗോപാൽ വ്യക്തമാക്കി.

കേന്ദ്ര വിഭവ കൈമാറ്റത്തിൽ ഉണ്ടായ വെട്ടിക്കുറവാണ് സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ ഞെരുക്കമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുണ്ടായിരുന്ന ഒരു ഗഡു ക്ഷേമ പെൻഷൻ കുടിശ്ശികയും ഈ മാസത്തെ വർധിപ്പിച്ച പെൻഷൻ തുകയും ചേർത്ത് 3600 രൂപയാണ് ജനങ്ങളിലേക്ക് എത്തുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനും കടം- ജി.എസ്.ഡി.പി അനുപാതം കുറയ്ക്കാനും സർക്കാരിന് കഴിഞ്ഞെന്നും കേരളത്തിന്റെ തനത് വരുമാനത്തിൽ വലിയ വർധനവുണ്ടാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്ഷേമ പെൻഷൻ അനേക ലക്ഷങ്ങളുടെ ജീവിതത്തിന് കൈത്താങ്ങാണെന്നും 62 ലക്ഷത്തോളം വരുന്ന മനുഷ്യർക്കാണ് പ്രതിമാസം ഈ ആശ്വാസം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ഓരോ പൗരനും തലയുയർത്തി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ എൽ.ഡി.എഫ് പ്രതിജ്ഞാബദ്ധരാണെന്നും കരുതൽ വേണ്ടത് വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പെന്‍ഷന്‍ വിതരണത്തിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഏറെ സന്തോഷകരമായ രണ്ടു കാര്യങ്ങളാണ് പറയുവാൻ പോകുന്നത്.
ഒന്ന്, ഇതാ ഇന്നു മുതൽ കേരളത്തിൽ ക്ഷേമപെൻഷൻ കുടിശ്ശിക ഇല്ലാതാകുന്നു.
രണ്ട്, 1600 ൽ നിന്നും 2000 ആയി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ തുക ഇന്നു മുതൽ 62 ലക്ഷം പേരിലേക്കെത്തുന്നു.
നിലവിലുണ്ടായിരുന്ന ഒരു ഗഡു ക്ഷേമപെൻഷൻ കുടിശ്ശികയും ഈ മാസത്തെ വർധിപ്പിച്ച പെൻഷൻ തുക 2000 വും ചേർത്ത് 3600 രൂപയാണ് ജനങ്ങളിലേക്കെത്തുന്നത്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെൻഷൻ കുടിശിക തീരുന്നു എന്നത് ഇത്ര എടുത്തു പറയാനുള്ള കാര്യമാണോ എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. സാമൂഹ്യ സുരക്ഷ പെൻഷൻ വർദ്ധിപ്പിച്ചതിൽ ഇത്രയേറെ അഭിമാനം കൊള്ളാനെന്താണ് എന്നും തോന്നിയേക്കാം.
എന്നാൽ, സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്വത്തോടെ പറയട്ടെ, കേന്ദ്രസർക്കാർ സംസ്ഥാനത്തിനു മുകളിൽ ചുമത്തുന്ന ബഹുമുഖവും അപ്രതീക്ഷിതവുമായ സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത് സാധിച്ചു എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കടം- ജിഎസ്ഡിപി അനുപാതം കുറച്ചു കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വലിയ വർദ്ധനവ് നാം കൈവരിച്ചു. കേന്ദ്ര വിഭവ കൈമാറ്റത്തിൽ ഉണ്ടായ വെട്ടിക്കുറവാണ് സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ചെയ്യാൻ കഴിയുന്നത് മാത്രമേ ഇടതുപക്ഷം പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇതാണ് ഇടതു സർക്കാരിന്റെ വാക്ക്.

Content Highlight: Welfare pension distribution to begin in the state from today (Thursday); KN Balagopal

We use cookies to give you the best possible experience. Learn more