| Saturday, 15th August 2026, 11:34 am

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഔദാര്യമല്ല; ജനങ്ങളുടെ അവകാശമാണ്- വി.ഡി സതീശന്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. 80-ആം സ്വാതന്ത്യദിനത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യവും മുഖ്യമന്ത്രി സ്വീകരിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു.

‘ആധുനികമായ കേരളം, പുത്തന്‍ ആശയങ്ങളുടെ കേരളം, സമൃദ്ധിയും സന്തോഷവുമുള്ള കേരളം , ഇന്ത്യയ്ക്ക് വഴികാട്ടിയാകുന്ന കേരളം, അത്തരമൊരു കേരളം നിര്‍മ്മിക്കാന്‍ നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജനാധിപത്യമൂല്യങ്ങള്‍ കണക്കിലെടുത്തുള്ള പ്രവര്‍ത്തനമാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

‘രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളര്‍ച്ച വേണം കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടണം. ഒപ്പം കാലാവസ്ഥ വ്യതിയാനം എന്ന വന്‍ പ്രതിസന്ധിയെ നേരിടാനും കഴിയണം. വികസനം എന്നത് ജനപക്ഷത്ത് നിന്നായിരിക്കും. വികസനം എല്ലാവരിലേക്കും എത്തണം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം പ്രതിരോധിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ ആരംഭിച്ചത്.

‘ഇന്ത്യയുമായും ലോകവുമായും സഹകരിച്ച് ഈ ചെറിയ സംസ്ഥാനം ലോകത്തോളം വളരുകയാണ്. മതേതത്വത്തിലും ജനാധിപത്യ ബോധത്തിലും ഒരു വിട്ടുവീഴ്ചയും കേരളം ചെയ്യില്ല. പട്ടിണി,രോഗം, തൊഴിലില്ലായ്മ എന്നിവയാണ് സാധാരണക്കാരായ ജനങ്ങളെ പിന്നോട്ടു വലിക്കുന്നത്. ഏകവിള തോട്ടത്തില്‍ ഒരേയിനം മനുഷ്യരെ വളര്‍ത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളര്‍ത്തുന്ന, വെറുപ്പിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Welfare activities are not an act of charity by anyone; they are the people’s right – V.D. Satheesan

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more