| Saturday, 6th December 2025, 6:36 pm

അടുത്ത ഹിറ്റിന് ഒരുങ്ങി സന്ദീപ്; പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘എക്കോ’യ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായക വേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രത്തിന് ‘കോസ്മിക് സാമസണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ പത്താമത്തെ ചിത്രമായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഭിജിത്ത് ജോസഫാണ്.

ബാഗ്ലൂര്‍ ഡെയ്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍.ഡി. എക്‌സ് ,ഡിറ്റക്ടീവ് ഉജ്ജ്വലന്‍ തുടങ്ങിയവയാണ് വീക്കന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ മറ്റ് പ്രൊഡക്ഷന്‍. എക്കോ നേടിയ വമ്പന്‍ വിജയത്തിന് ശേഷം സന്ദീപ് ഭാഗമാകുന്ന ചിത്രത്തെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.

അഭിഷേക് വസന്ത്, അഭിജിത്ത് ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് മേനോനാണ്. ലോക, കള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ് കോസ്മിക് സാമ്‌സണിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

സിബി മാത്യു അലക്‌സാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷന്‍ ഡിസൈനിങ്. ഡിസംബര്‍ എട്ടിനാണ് ചിത്രത്തിന്റെ പൂജ. ഈ മാസം 12ന് ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഷോര്‍ട് ഫിലിമില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സന്ദീപ് പ്രദീപ്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ ഭാഗമായി. എന്നാല്‍ പടക്കളമാണ് നടന് പ്രേക്ഷക പ്രീതി നേടി കൊടുത്തത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ സന്ദീപിന്റെ പ്രകടനത്തെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു.

Content Highlight: Weekend Blockbusters announces new film Cosmic Sasmon starring Sandeep Pradeep

We use cookies to give you the best possible experience. Learn more