നിവിന്‍ പോളി ആദ്യമായി നായകനായെത്തുന്ന വെബ് സിരീസായ ഫാര്‍മ ഏഴു ഭാഷകളിലായി ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. പി.ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന സിരീസില്‍ കുത്തക മരുന്ന് കമ്പനികളെയും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.
സിരീസിന്റെ കഥ തയ്യാറായതുമുതല്‍ അത് പ്രേക്ഷകരിലേക്കെത്തിക്കുന്നതു വരെ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പി.ആര്‍ അരുണ്‍. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിനിടയിലുണ്ടാകുന്ന ടെന്‍ഷനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
ഫാര്‍മ. Phooto: theatrical poster
‘കൂളാവുന്നത് സെറ്റില്‍ അഭിനേതാക്കളെയും മറ്റുള്ളവരെയും കൂളാക്കി നിര്‍ത്തണം എന്ന ഒറ്റ കാരണം കൊണ്ടാണ്, ശരിക്കും വലിയ പ്രെഷര്‍ ഉള്ള ജോലിയാണിത്. പക്ഷേ ഞാന്‍ പറയുകയാണെങ്കില്‍ നമ്മള്‍ കഥ തയ്യാറാക്കി ആ പേപ്പറും കൊണ്ട് ഓരോ സംവിധായകന്റെയും പിന്നാലെ അലഞ്ഞു നടക്കുന്നതിനോളം വരില്ല ഫിലിം മേക്കിങിന്റെ ഏതു ഘട്ടത്തിലുമുള്ള സ്‌ട്രെസ്സ്.
ഇവിടെ ആയിരകണക്കിന് സംവിധായകരുണ്ട് എല്ലാവരും എന്നോട് ഈ കാര്യത്തില്‍ യോജിക്കും. കാരണം ഒരു അപ്പോയിന്‍മെന്റ് കിട്ടാന്‍ നമ്മള്‍ അലയുന്ന സമയത്ത് നമ്മള്‍ ഒറ്റക്കായിരിക്കും. ഷൂട്ടിങ് തുടങ്ങിയാല്‍ പിന്നെ നമ്മളെ പിന്തുണക്കാന്‍ ഒരു ആര്‍മി തന്നെ കൂടെയുണ്ടാകും. എന്റെ കുഞ്ഞ് ജനിച്ച സമയത്ത് ഞാന്‍ ഓരോ ഓഫീസുകളും കയറിയിറങ്ങാന്‍ തുടങ്ങിയതാണ്, കുഞ്ഞിപ്പോള്‍ സ്‌കൂളില്‍ പോകാനായി,’ അരുണ്‍ പറഞ്ഞു.
ഫാര്‍മ. Photo: screen grab/ jio hotstar/ youtube.com
ഇത് തന്റെ മാത്രം കഥയല്ലെന്നും കരിയറിന്റെ തുടക്കകാലത്ത് എല്ലാ സംവിധായകര്‍ക്കും ഉണ്ടായ അനുഭവമാണെന്നും ഇത് എല്ലാവരോടും പറയേണ്ട കഥയാണ് എന്ന തോന്നലിലാണ് ഇത്രകാലം പിടിച്ചു നില്‍ക്കാന്‍ സാധിച്ചതെന്നും പറയുകയാണ് സംവിധായകന്‍. അടുത്തിടെ ഇന്ത്യയില്‍ കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതും ടാല്‍ക്കം പൗഡറുപയോഗിച്ച് കുഞ്ഞുങ്ങള്‍ക്ക് മാരകരോഗം പിടിപ്പെട്ടതുമടക്കം സമകാലിക കുത്തക മരുന്നു കമ്പനികളുടെ അനാസ്ഥയാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അരുണ്‍ കൂട്ടിച്ചേര്‍ത്തു.
വെബ് സിരീസുകള്‍ മലയാളത്തില്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെങ്കിലും നിവിന്‍ പോളിയെ പോലെ മുന്‍നിര അഭിനേതാവ് നായകനായെത്തുന്നത് ഇതാദ്യമായാണ്. നിവിനെക്കൂടാതെ ചിത്രത്തില്‍ രജിത് കപൂര്‍, നരെന്‍, ബിനു പപ്പു, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: web series pharma releases on jio hotstar in seven languages