| Sunday, 20th July 2025, 9:03 am

ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായർ) കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നതിന് സാധ്യതയുണ്ട്. കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശുന്നതിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മീൻപിടിത്തിനുള്ള വിലക്ക് തുടരുകയാണ്.

മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാസർഗോഡ് ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മദ്രസകൾ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർഗോഡ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ വരെയും കണ്ണൂർ-കാസറഗോഡ് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11. 30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Content Highlight: Weather Updates in Kerala Today ( 20- 07-2025)

We use cookies to give you the best possible experience. Learn more