പ്രയാഗ്‌രാജ്: ഹിജാബ് ധരിക്കല്‍ ഇസ്‌ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിജാബ് ധരിക്കാതിരുന്നാല്‍ ഒരു സ്ത്രീയുടെ ഇസ്‌ലാമിക വിശ്വാസത്തിന് കോട്ടം സംഭവിക്കില്ലെന്നും അതിനാല്‍ ഹിജാബ് ധരിക്കല്‍ അനിവാര്യ മതാചാരമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാഹ് ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
വ്യക്തിപരമായ താത്പര്യത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം നിശ്ചയിച്ച വസ്ത്രധാരണ ചട്ടത്തില്‍ ഇളവ് ആവശ്യപ്പെടാന്‍ വിദ്യാര്‍ത്ഥിക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അതേ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം തേടുന്നതിനിടെയാണ് തന്നെ ഹിജാബ് ധരിക്കുന്നത് തുടരാന്‍ അനുവദിക്കണമെന്ന് കാണിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ഹരജി.
ജസ്റ്റിസുമാരായ ജെ.ജെ. മുനീര്‍, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത് സ്‌കൂളിലെ വിവിധ ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ പരിശോധിച്ച കോടതി ഹരജിക്കാരിയെ കൂടാതെ മറ്റൊരു പെണ്‍കുട്ടിയും ഹിജാബ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അതേ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികളും ഹിജാബ് ധരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വന്തം പരിധിയില്‍ ഏകീകൃത വസ്ത്രധാരണ ചട്ടം നടപ്പാക്കാനുള്ള അധികാരമുണ്ടെന്നും അത് പാലിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.
Content Highlight: Wearing the hijab is not an essential religious practice of Islam; permission to wear the hijab with the uniform should be granted: Allahabad High Court dismisses student’s petition.