| Monday, 22nd September 2025, 8:41 am

'ഒരിഞ്ചു പോലും വിട്ടുനല്‍കില്ല'; ബഗ്രാം വ്യോമത്താവളം വിട്ടുനല്‍കണമെന്ന ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ബഗ്രാം വ്യോമാത്താവളം വിട്ടുനല്‍കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍. ഒരിഞ്ചുപോലും വിട്ടുതരില്ലെന്ന് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു.

ബഗ്രാമിലെ മുന്‍ യു.എസ് വ്യോമാത്താവളം സംബന്ധിച്ച് ഒരിടപാടും നടക്കില്ല. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പ്രാദേശിക സമഗ്രതയും പരമപ്രധാനമെന്നും താലിബാന്‍ പറഞ്ഞു.

‘ബഗ്രാം വ്യോമത്താവളത്തിനായി ചിലര്‍ ഞങ്ങളുമായി ചര്‍ച്ച ആരംഭിച്ചതായി അറിഞ്ഞു. എന്നാല്‍ അഫ്ഗാന്റെ മണ്ണില്‍ ഒരു ഇടപാടും നടക്കില്ല. അതിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല,’ അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസീഹുദ്ദീന്‍ ഫിത്രാദ് പറഞ്ഞു.

യു.എസ് സൈന്യം അഫ്ഗാന്‍ വിട്ട് നാല് വര്‍ഷത്തിന് ശേഷമാണ് ട്രംപ് ബഗ്രാമില്‍ ആവശ്യം ഉന്നയിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ രണ്ട് പതിറ്റാണ്ടുകളായി നടന്ന ആഭ്യന്തര യുദ്ധത്തില്‍ യു.എസ് സേനയുടെ പ്രധാന താവളവായിരുന്നു ബഗ്രാമിലേത്.

അഫ്ഗാനിലെ യു.എസ് സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി 2021 ജൂലൈയിലാണ് യു.എസ് സൈന്യം ബഗ്രാം വ്യോമത്താവളം ഔദ്യോഗികമായി ഒഴിപ്പിച്ചത്.

ഇതിനുപിന്നാലെ സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറിയിരുന്നു. ശേഷം താലിബാന്‍ ഭരണത്തിലേറുകയും ചെയ്തു. ഇതോടെ വ്യോമത്താവളത്തിന്റെ അധികാരം താലിബാന്റെ നിയന്ത്രണത്തിലാകുകയായിരുന്നു.

ചൈനയുടെ ആണവനിലയത്തിന് അടുത്തയാണ് ബഗ്രാം വ്യോമാത്താവളം നിലനില്‍ക്കുന്നത്. ഇക്കാരണത്താലാണ് വ്യോമാത്താവളം വിട്ടുനല്‍കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നത്. വ്യോമത്താവളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ ട്രംപ് പലപ്പോഴായും വിമര്‍ശിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ താവളങ്ങളില്‍ ഒന്നാണ് ബഗ്രാം എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യു.കെ സന്ദര്‍ശിച്ചതിനിടെയാണ് ട്രംപ് ഈ അവകാശവാദം ആദ്യമായി ഉന്നയിച്ചത്. അഫ്ഗാനിസ്ഥാനില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ട്രംപ് പരാതിപ്പെട്ടിരുന്നു.

2019ല്‍ ട്രംപ് ബഗ്രാം സന്ദര്‍ശിച്ചിരുന്നു. 2012ല്‍ മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ബഗ്രാമില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

നിലവില്‍ ഇറാന്‍, പാകിസ്ഥാന്‍, ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ ബഗ്രാം മേഖലയില്‍ യു.എസിന്റെ സ്വാധീനം പുനഃസ്ഥാപിക്കാന്‍ ട്രംപ് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: ‘We won’t give up even an inch’: Taliban reject Trump’s demand to hand over Bagram Airfield

We use cookies to give you the best possible experience. Learn more