| Saturday, 7th February 2026, 10:30 am

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കും: വി.ഡി. സതീശന്‍

രാഗേന്ദു. പി.ആര്‍

കൊച്ചി: ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം മതനിരപേക്ഷമാണെന്നും മതനിരാസമല്ല തങ്ങളുടെ വഴിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മനോരമയുടെ പോര്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എന്നിവരോട് തനിക്ക് വിരോധമൊന്നുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും എത്ര വഴക്കുപറഞ്ഞാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് സമുദായത്തിന് സങ്കടമുണ്ടായാലും തങ്ങൾ അവിടെ എത്തുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതിനെ തിണ്ണനിരങ്ങാന്‍ പോകുന്നുവെന്നടക്കമുള്ള പേരുകളിട്ടാണ് വിളിക്കുന്നത്. എന്നാല്‍ അതിലൊന്നും യാതൊരു കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ വര്‍ഗീയമായി ചേരി തിരിക്കാനാവില്ലെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് ഒരു സീറ്റ് പോലും കൂടുതല്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ സംഘർഷമില്ലാതാകാൻ പോരാടുന്ന പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍ ഇപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള വര്‍ഗീയതയാണ് മുഖ്യമന്ത്രിയും സംഘവും പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യു.ഡി.എഫ് വരുമ്പോള്‍ ഘടകക്ഷികള്‍ക്ക് വലിയ സ്വാധീനമുണ്ടാകുമെന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ബി.ജെ.പിയുടെ അതേ തന്ത്രമാണ് ചിലര്‍ ഇപ്പോള്‍ പ്രയോഗിക്കുന്നതെന്നും അധികാരം നേടാന്‍ ജനങ്ങളെ മതം പറഞ്ഞ് ഭിന്നിപ്പിക്കുകയാണെന്നുമാണ് വി.ഡി. സതീശന്‍ ഇതിന് നല്‍കിയ മറുപടി.

സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന വിശാല രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. അതില്‍ കാലങ്ങളായി സി.പി.ഐ.എമ്മിനോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ പോലുമുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പിയുടേത് മോശം പ്രകടനമായിരുന്നുവെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലുടനീളം ബി.ജെ.പിയുടെ വോട്ടിങ് ശതമാനം കുറഞ്ഞു. 2026 കേന്ദ്ര ബജറ്റ് വന്നതോടെ അവര്‍ കേരളത്തിനായി ഒരു ചുക്കും ചെയ്യില്ലെന്ന വികാരം മലയാളികളില്‍ ഉണ്ടായിട്ടുണ്ട്. സി.പി.ഐ.എമ്മും ബി.ജെ.പിയും പരസ്പരം സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: We will oppose both majority and minority communalism: V.D. Satheesan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more