| Thursday, 7th May 2026, 10:46 am

വി.ഡിക്ക് പകരം മറ്റൊരാള്‍ വരുന്നത് ഞങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല: രാഹുല്‍ ഗാന്ധിയായാല്‍ പോലും: സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നടന്‍ സിദ്ദിഖ്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നത് കേരളത്തിലെ സാധാരണക്കാരുടെ ആഗ്രഹമാണെന്നും, ഗ്രൂപ്പ് കളികളിലൂടെയോ അധികാര വടംവലിയിലൂടെയോ മറ്റൊരാള്‍ ആ പദവിയിലേക്ക് വന്നാല്‍ ജനങ്ങള്‍ പൊറുക്കില്ലെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് മാത്രമല്ല, തങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവുണ്ടെന്ന വിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും സിദ്ദിഖ് പറഞ്ഞു.

നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഏക നേതാവ് സതീശനാണ്. സാമുദായിക നേതാക്കളുടെ മുന്നില്‍ വഴങ്ങാത്ത, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അത്രമേല്‍ വി.ഡി. സതീശന്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞെന്നും സിദ്ദിഖ് കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം മാത്രം കേള്‍ക്കാതെ ജനഹിതം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തില്‍ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.

ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഈ തെരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു യു.ഡി.എഫ് അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും. ആ വിശ്വാസം തകര്‍ക്കരുത്.

അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഞങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല.

വി.ഡി സതീശന്‍ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല. കോണ്‍ഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയ്ക്ക് ഒപ്പം നിന്ന, കെ. കരുണാകരണയും, ഉമ്മന്‍ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.

മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. വി.ഡി സതീശന്‍ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവു..

Content Highlight: We will neither tolerate nor forgive if someone else replaces V.D. Satheesan says Siddique

Latest Stories

We use cookies to give you the best possible experience. Learn more