ടെഹ്‌റാന്‍: ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തിലെ യു.എസ് ഇടപെടലില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങളിലൂടെ നയതന്ത്രം തകര്‍ക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാന്‍ അമേരിക്കയെ എങ്ങനെ ആക്രമിക്കുമെന്ന കാര്യത്തില്‍ സമയവും സ്വഭാവവും ആക്രമണത്തിന്റെ വ്യാപ്തിയും ഇറാന്‍ സൈന്യമായിരിക്കും തീരുമാനിക്കുന്നതെന്നും ഇറാന്റെ യു.എന്‍ അംബാസിഡര്‍ സമീര്‍ സയീദ് ഇറവാനി പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം യു.എസിനെയും ഇസ്രഈലിനെയും ആക്രമിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്തവും അവകാശവും ഇറാനില്‍ നിക്ഷിപ്തമാണെന്നും ഇറാന്റെ യു.എന്‍ അംബാസിഡര്‍ പറഞ്ഞു.
ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ യു.എസ് യുദ്ധം നടത്തിയത് കെട്ടിച്ചമച്ചതും വ്യാജവുമായ രീതിയിലാണെന്നും നയതന്ത്ര ശ്രമങ്ങളെ അട്ടിമറിച്ചായിരുന്നു ആക്രമണമെന്നും ഇറവാനി ആരോപിച്ചു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും രണ്ട് ഡസനിലധികം ടോമാഹോക്ക് മിസൈലുകളും, 125ലധികം സൈനിക വിമാനങ്ങളും ഉപയോഗിച്ചാണ് ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നാണ് ഇന്നലെ ആക്രമണത്തിന് ശേഷം യു.എസ് പറഞ്ഞത്. ഇറാന്‍ സമാധാനം സ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ വളരെ കൃത്യതയോടെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇറാനിലെ ഒന്നിലധികം ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലെ ആക്രമണം പൂര്‍ത്തിയാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി ട്രംപ് പറഞ്ഞത്.
എന്നാല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രമണത്തില്‍ ആണവ വികിരണമുണ്ടായിട്ടില്ലെന്നും ആക്രമണസാധ്യത കണക്കിലെടുത്ത് ഇറാന്‍ നേരത്തെ തന്നെ ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫോര്‍ദോയിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെറിയ കേടുപാടുകള്‍ മാത്രമാണ് ആണവ കേന്ദ്രത്തിന് ഉണ്ടായതെന്നും സമ്പൂഷ്ടീകരിച്ച യുറേനിയം ആണവകേന്ദ്രങ്ങളില്‍ നിന്ന് ഇതിനകം മാറ്റിയെന്നും ഇറാന്‍ പറഞ്ഞിരുന്നു.
ഇസ്രഈല്‍ ആക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 380 സാധാരണക്കാരും 253 സേനാംഗങ്ങളുമാണെന്നാണ് വിവരം. 3450 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു.
Content Highlight: We will decide the extent of the retaliation against the US, there will be a heavy blow: Iran