| Wednesday, 13th May 2015, 8:20 am

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ സഹായം വേണ്ട; ബി.ജെ.പിക്കെതിരെ ഹിന്ദുമത നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി വിധി തങ്ങള്‍ക്കനുകൂലമായാല്‍ അയോധ്യയില്‍ രാഷ്ട്രീയ പിന്തുണയില്ലാതെ രാമക്ഷേത്രം പണിയുമെന്ന് ഹിന്ദുമത നേതാക്കള്‍. ബി.ജെ.പിയെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്താവന. നേരത്തെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞിരുന്നു.

എന്നാല്‍ രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് ബി.ജെ.പി നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് ദ്വാരക പീഠത്തിലെ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ചൊവ്വാഴ്ച്ച രാം ലീല മൈതാനത്ത് ഹിന്ദു ധര്‍മ്മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങള്‍ കൈകൂപ്പി പറയുകയാണ്, ഇനി താങ്കള്‍(രാജ്‌നാഥ്‌സിങ്) രാമ ജന്മഭൂമിയെ കുറിച്ച് സംസാരിക്കരുത്. അവിടെ  രാമക്ഷേത്രം ഞങ്ങള്‍ നിര്‍മ്മിച്ചുകൊള്ളാം.” ശങ്കരാചാര്യ പറഞ്ഞു.

“ഇത് രാമ ജന്മ ഭൂമിയാണ്. കോടതിയുടെ വിധി വൈകാതെ വന്നാല്‍…. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ സന്യാസിമാരും മഹത് വ്യക്തികളും ചേര്‍ന്ന് രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയും. ദൈവം സഹായിച്ച് രാഷ്ട്രീയക്കാരുടെ പണം ഞങ്ങള്‍ക്ക് വേണ്ട. അത് ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്നുകൊള്ളും. ആ ചര്‍ച്ച വിട്ടേക്കൂ.” ശങ്കരാചാര്യ പറഞ്ഞു.

ഈ വിഷയത്തില്‍ സന്‍സദ് പ്രമേയവും പാസാക്കി. ഗോവധ നിരോധനം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തുക, മദ്യ നിരോധനം കൊണ്ടുവരിക തുടങ്ങിയ വിഷയങ്ങളിലും സന്‍സദ് പ്രമേയം പാസാക്കി. വിവിധ ഹിന്ദു മത സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്നതാണ് ഹിന്ദു ധര്‍മ്മ സന്‍സദ്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ടിക്കിള്‍ 370 അസാധുവാക്കുമെന്നും ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നും ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ചിലതായിരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം ബി.ജെ.പിക്ക്് തടസമാവുന്നത് രാജ്യസഭ തന്നെയാണ്.

We use cookies to give you the best possible experience. Learn more