കണ്ണൂർ: കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു നോമിനേറ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി.എ സദാനന്ദന്റെ ആക്രമണത്തിൽ തകർന്ന ജീവിതത്തെക്കുറിച്ച് സംസാരിച്ച് സി.പി.ഐ.എം നേതാവും സദാനന്ദന്റെ ബന്ധുവുമായ പി. എം ജനാർദനൻ. ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അനുവാദമില്ലാതെ മക്കളെ ബാലഗോകുലം ഘോഷയാത്രയ്ക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് സദാനന്ദൻ തന്നെ ആക്രമിച്ചതെന്ന് ജനാർദനൻ പറയുന്നു. തങ്ങൾ ബന്ധുക്കളാണെന്നും കൂട്ടിച്ചേർക്കുകയാണ് ജനാർദനൻ.
സി.എ. സദാനന്ദന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് നടത്തിയ ആക്രമണത്തിൽ തന്റെ ജീവിതം പൂർണമായും തകർന്നെന്നും പി. എം ജനാർദനൻ പറയുന്നു. സി.പി.ഐ.എം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും കല്ലുകൊത്ത് തൊഴിലാളിയുമായിരുന്ന ജനാർദനന് ആക്രമണത്തിന് ശേഷം ജോലി ചെയ്ത് കുടുംബത്തെ നോക്കാൻ കഴിയാതെയായി.
പണിസ്ഥലത്തേക്കുള്ള ബസ് കയറാൻ മട്ടന്നൂർ ബസ് സ്റ്റാന്റിലേക്ക് പോകുമ്പോഴാണ് ഏതാനും പേർ തന്റെ നേർക്ക് ചാടിവീണതെന്നും ഇരുമ്പുവടിയും കത്തിയും ഉപയോഗിച്ച് വെട്ടിയും കുത്തിയും ആക്രമിച്ചെന്നും അദ്ദേഹം പറയുന്നു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയെങ്കിലും ജീവൻ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇപ്പോൾ രാഷ്ട്രപതി രാജ്യ സഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട സദാനന്ദനാണ് എന്റെ ജീവിതം തകർത്തത്. ജോലി ചെയ്ത് കുടുംബം പോറ്റാനാകാത്തവിധം ശരീരം വെട്ടിനുറുക്കി. മാസങ്ങളോളം ഊന്നുവടിയിലായിരുന്നു ജീവിതം കഴിച്ചുകൂട്ടിയത്. ശരീരമാസകലം അസഹ്യ വേദനയാണ് ഇപ്പോഴും. ഞങ്ങൾ ബന്ധുക്കളാണ്. വല്യമ്മാവന്റെ മകന്റെ മകനാണ് സദാനന്ദൻ.
അനുവാദമില്ലാതെ ബാലഗോകുലം ഘോഷയാത്രയ്ക്ക് കുട്ടികളെ കൊണ്ടുപോയത് ചോദ്യം ചെയ്തിരുന്നു. എന്നോട് ചോദിക്കാതെ ഘോഷയാത്രക്ക് കൊണ്ടുപോയ മക്കളെ വീട്ടിലെത്തിക്കാതെ സ്‌കൂൾ മുറ്റത്ത് ഇറക്കിവിട്ടു. രാത്രിയായിട്ടും കുട്ടികൾ തിരിച്ചെത്തിയില്ല. ഒടുവിൽ സ്കൂൾ പരിസരത്തുനിന്നാണ് കുട്ടികളെ കിട്ടിയത്. നീയൊരു മാഷല്ലേടോ, നീ ചെയ്യേണ്ട പണിയാണോ ഇത് എന്ന് പരസ്യമായി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. അതിനാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്,’ ജനാർദനൻ പറയുന്നു.
1993 സെപ്‌തംബർ 21 നായിരുന്നു ജനാർദനന്റെ ജീവിതം തകർത്ത ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ജനാർദനൻ മാസങ്ങളോളം മണിപ്പാൽ ആശുപത്രിയിലായിരുന്നു. എല്ലുകൾ നുറുങ്ങിയതിനാൽ രണ്ട് കാലിനും പ്ലാസ്റിട്ട് മാസങ്ങളോളം കിടക്കേണ്ടി വന്നു.
ആക്രമണത്തിൽ ജനാർദനന്റെ ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ടു. ആർ.എസ്.എസ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജനാർദനൻ. അദ്ദേഹം ഇപ്പോൾ പഴശി സൗത്ത് ലോക്കലിലെ സി.പി.ഐ.എം പെരിഞ്ചേരി ബ്രാഞ്ചംഗമാണ്.
ഇന്നലെയായിരുന്നു (ഞായർ) ബി.ജെ.പി നേതാവ് സി.സദാനന്ദനെ രാഷ്‌ട്രപതി രാജ്യസഭാംഗമായി നാമനിർദേശം ചെയ്തത്. വിദ്യാഭ്യാസ വിദഗ്ദൻ എന്ന പദവിയിലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.
Content Highlight: We, our relatives, were still attacked; Janardhanan’s life was ruined by CA Sadanandan’s attack