| Tuesday, 13th January 2026, 10:31 am

'ഞങ്ങള്‍ വംശഹത്യയെ എതിര്‍ക്കുന്നു, ഫലസ്തീന്‍ തടവുകാരെ പിന്തുണയ്ക്കുന്നു'; കത്തുമായി യു.കെയിലെ ആക്ടിവിസ്റ്റുകള്‍

നിഷാന. വി.വി

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ തടവിലാക്കിയ ഫലസ്തീന്‍ ആക്ഷന്‍ അംഗങ്ങളെ പിന്തുണയ്ക്കുന്ന കത്തില്‍ ഒപ്പുവെച്ച് അക്കാദമിക്ക് വിദഗ്ധരും ബുദ്ധിജീവികളും.

ഫലസ്തീന്‍ ആക്ഷന്‍ പ്ലക്കാര്‍ഡ് കൈവശം വെച്ചതിന് ഡിസംബറില്‍ അറസ്റ്റിലായ സ്വീഡിഷ് ആക്ടീവിസ്റ്റായ ഗ്രെറ്റ തുന്‍ബര്‍ഗ്, ചരിത്രകാരനും ആക്ടിവിസ്റ്റുമായ താരീഖ് അലി, തത്വചിന്തക ജൂഡിത്ത് ബട്‌ലര്‍, എഴുത്തുകാരി നവോമി ക്ലീന്‍ തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

‘ഞങ്ങള്‍ വംശഹത്യയെ എതിര്‍ക്കുന്നു, ഫലസ്തീന്‍ ആക്ഷന്‍ തടവുകാരെ പിന്തുണയ്ക്കുന്നു.’ തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നു.

ഫലസ്തീന്‍ ആക്ഷനുമായി ബന്ധപ്പെട്ട ആക്ടിവിസ്റ്റുകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതായും യു.കെയുടെ ക്രൗണ്‍ കോടതിയുടെ സ്റ്റാന്‍ഡേര്‍ഡ് പ്രീ-ട്രയല്‍ കസ്റ്റഡി പരിധിയായ 182 ദിവസങ്ങള്‍ക്ക് ശേഷവും റിമാന്‍ഡില്‍ കഴിയുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഫലസ്തീന്‍ ആക്ഷനെ പിന്തുണച്ചതിനും ഭീകരസംഘടനായി പ്രഖ്യാപിച്ചതിനെ വെല്ലുവിളിച്ചതിനും മറ്റ് നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

2020ല്‍ സ്ഥാപിതമായ ഒരു ബ്രിട്ടീഷ് ഡയറക്ട് ആക്ഷന്‍ നെറ്റ്വര്‍ക്കാണ് ഫലസ്തീന്‍ ആക്ഷന്‍. ഇസ്രഈലിന്റെ വംശത്യ അവസാനിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷത്തോടെയായിരുന്നു നിലവില്‍ വന്നത്.

ഫലസ്തീനെ കോളനിവത്ക്കരിക്കാനുള്ള സയണിസ്റ്റ് പദ്ധതിക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തടവില്‍ കഴിയുന്ന ഫലസ്തീന്‍ ആക്ഷന്‍ ആക്ടിവിസ്റ്റുകള്‍ നിരാഹാര സമരവും ആരംഭിച്ചിരുന്നു.

1917 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ വാര്‍ഷികമായ നവംബര്‍ രണ്ടിനായിരുന്നു ബ്രിട്ടനിലുടനീളമുള്ള വിവിധ ജയിലുകളിലെ ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ നിരാഹാര സമരം ആരംഭിച്ചത്.

ഇസ്രഈലിന് ആയുധം നല്‍കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുക, വിചാരണതടവുകാര്‍ക്ക് ജാമ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്.

എന്നാല്‍ നിരാഹര സമരം നടത്തുന്ന തടവുകാര്‍ക്കെതിരായ നടപടികള്‍ക്കെതിരെയും മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം കഴിഞ്ഞ മാസം ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.

ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന നിരാഹാര സമരം തടവുകാരുടെ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്നും മരണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജുലൈയില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ നിരോധിക്കുകയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫലസ്തീന്‍ ആക്ഷനുമായി ബന്ധപ്പെട്ട തടവുകാര്‍ അവരുടെ പോസ്റ്റ്, ഫോണ്‍ കോളുകള്‍, സന്ദര്‍ശനങ്ങള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ നേരിടുന്നതായി നേരത്തെ തന്നെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ നിരോധന പ്രകാരം ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന് പിന്തുണയോ അംഗത്വമോ സ്വീകരിക്കുന്നത് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രഈല്‍ വംശഹത്യയെ യു.കെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച രണ്ട് ആക്ടിവിസ്റ്റുകള്‍ റോയല്‍ എയര്‍ഫോഴ്‌സ് ബേസില്‍ അതിക്രമിച്ച് കയറി വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ച് ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തുകയായിരുന്നു.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

ബ്രിട്ടനില്‍ ആദ്യമായാണ് ഒരു ഡയറക്ട് ആക്ഷന്‍ ഗ്രൂപ്പിനെ രാജ്യത്ത് നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നത്. ഇതിനുപിന്നാലെ സംഘടനയുമായി ബന്ധമുള്ള നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ യു.കെ സര്‍ക്കാരിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. യു.കെയിലെ കൂട്ട അറസ്റ്റുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ആംനസ്റ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

‘അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈവശം ഒരു പ്ലക്കാര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമാണ്,’ ആംനസ്റ്റി യു.കെ ചീഫ് എക്‌സിക്യൂട്ടീവ് സച്ചാ ദേശ്മുഖ് പറഞ്ഞു.

യു.എന്‍ മനുഷ്യവകാശ കമ്മീഷ്ണര്‍ വോള്‍ട്ടര്‍ ടര്‍ക്കും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

മൗലിക സ്വാതന്ത്ര്യത്തിന്റെ നിയമാനുസൃത പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിന് തീവ്രവാദ നിയമം ഉപയോഗിക്കുന്നുവെന്നും സംഘടനയ്‌ക്കെതിരായ നിരോധനം അനാവശ്യ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: ‘We oppose genocide, support Palestinian prisoners’; UK activists write in letter

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more