ബ്രാട്ടിസ്ലാവ: യൂറോപ്യൻ യൂണിയന്റെ നയങ്ങൾ ഒരു ആത്മഹത്യാ കപ്പലാണെന്ന് (suicide ship) സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ.
റഷ്യയിൽ നിന്നുള്ള ഊർജ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ നീക്കണമെന്നും ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂറോപ്യൻ എനർജി കമ്മീഷണർ ഡാൻ ജോർഗൻസന്റെ കണക്കുകൾ പ്രകാരം ഇറാനെതിരായുള്ള യു.എസ് – ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം യൂറോപ്യൻ യൂണിയനിൽ എണ്ണവില 60 ശതമാനവും ഗ്യാസ് വില 70 ശതമാനവും വർധിച്ചിട്ടുണ്ട്.
ശനിയാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യൂറോപ്യൻ യൂണിയന്റെ നയങ്ങളെ ഫിക്കോ രൂക്ഷമായി വിമർശിക്കുകയും, ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
‘ഞാൻ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, സാമാന്യബുദ്ധിയിലേക്കൊരു തിരിച്ചുപോക്ക് മാത്രമാണ് ആഗ്രഹിക്കുന്നത്. ഊർജ സുരക്ഷയുടെ കാര്യത്തിൽ മുഴുവൻ യൂറോപ്യൻ യൂണിയനും, പ്രത്യേകിച്ച് യൂറോപ്യൻ കമ്മീഷനും, ഒരു ആത്മഹത്യാ കപ്പലായി (suicide ship) തുടങ്ങിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഉപരോധങ്ങൾ നീക്കണമെന്നും, ഉക്രൈൻ വഴി യൂറോപ്യൻ യൂണിയനിലേക്ക് റഷ്യൻ എണ്ണ എത്തിക്കുന്ന സോവിയറ്റ് കാലഘട്ടത്തിലെ ദ്രുഷ്ബ പൈപ്പ്‌ലൈൻ വഴിയുള്ള വിതരണം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഉപേക്ഷിക്കാൻ സ്ലോവാക്കിയക്കും ഹംഗറിക്കും മേൽ ഉക്രൈൻ പണ്ടുമുതലേ സമ്മർദ്ദം ചെലുത്തിയിരുന്നു.
റഷ്യയുടെ ആക്രമണത്തെത്തുടർന്ന് ഊർജ വിതരണ പൈപ്പ്‌ലൈൻ പ്രവർത്തന രഹിതമായതായി ഉക്രൈൻ അവകാശപ്പെട്ടിരുന്നു. ഉക്രൈന് നൽകുന്ന 104 ബില്യൺ ഡോളറിന്റെ വായ്പ ഹംഗറിയും സ്ലൊവാക്യയും തടയുന്നത് യൂറോപ്യൻ യൂണിയൻ വിലക്കുകയാണെങ്കിൽ പൈപ്പ്‌ലൈൻ നന്നാക്കാമെന്ന് കഴിഞ്ഞ മാസം സെലെൻസ്‌കി പറഞ്ഞിരുന്നു.
റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കിയില്ലെങ്കിൽ, യൂറോപ്യൻ യൂണിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ സാമ്പത്തിക പ്രതിസന്ധികളിലൊന്നിനെ നേരിടേണ്ടി വരുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlight: We need to return to common sense; Slovak Prime Minister criticizes EU sanctions on Russia