| Friday, 16th January 2026, 5:33 pm

13 സീറ്റെങ്കിലും വേണം, കൂടുതല്‍ കിട്ടുമോയെന്നും ചര്‍ച്ച ചെയ്യും: ജോസ് കെ. മാണി

രാഗേന്ദു. പി.ആര്‍

പാലാ: 2026 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍.ഡി.എഫിന് മുന്നില്‍ ഡിമാന്‍ഡുമായി കേരള കോണ്‍ഗ്രസ് (എം). ഇത്തവണ 13 സീറ്റ് നല്‍കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചത്. എന്നാല്‍ അഞ്ചിടത്ത് മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. നിലവില്‍ കൈവശമുള്ള സീറ്റ് വെച്ചുമാറാൻ തയ്യാറല്ലെന്നും പക്ഷെ കൂടുതല്‍ സീറ്റുകള്‍ വേണമെന്നുമാണ് ജോസ് കെ. മാണി പറയുന്നത്.

കഴിഞ്ഞ തവണ 13 സീറ്റ് ഉണ്ടായിരുന്നങ്കിലും മുന്നണി ആവശ്യപ്പെട്ടത് പ്രകാരം കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ഇത്തവണ 13 സീറ്റെങ്കിലും മാക്‌സിമം വേണം. അതില്‍ കൂടുതല്‍ കിട്ടുമോ എന്നതില്‍ ചര്‍ച്ചയുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

മുന്നണി മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് തങ്ങളെ ചവിട്ടി പുറത്താക്കിയതാണ്. ഇപ്പോള്‍ അവര്‍ വാതില്‍ തുറന്നിട്ടിരിക്കുന്നത് തങ്ങളെ യു.ഡി.എഫിന് ആവശ്യമുള്ളത് കൊണ്ടാണ്. മുന്നണി മാറ്റം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

‘കേരള കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ചത് എല്‍.ഡി.എഫാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവാണ്. അപ്പോള്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ യു.ഡി.എഫിലേക്ക് പോകണോ? അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണി മാറുമോ,’ എന്നും ജോസ് കെ. മാണി ചോദിച്ചു.

എല്‍.ഡി.എഫിന്റെ മധ്യകേരള ജാഥ നയിക്കാന്‍ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ചെയ്തതിനേക്കാള്‍ മികച്ച രീതിയില്‍ ഭരണപക്ഷത്തുള്ള ഒരു മുന്നണിയുടെ ഘടകക്ഷി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

വന്യജീവി ആക്രമണം, മുനമ്പം, തെരുവുനായ ശല്യം, വഖഫ് എന്നീ വിഷയങ്ങളിലെ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പരാമര്‍ശം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഉള്‍പ്പെടെ ഉദ്ദേശിച്ച വിജയം ഉണ്ടായില്ലെന്നത് ഒരു വസ്തുതയാണ്. ഇക്കാര്യങ്ങള്‍ എല്ലാം വിലയിരുത്തിയിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ മത്സരിക്കുമെന്ന സൂചനയും കേരള കോണ്‍ഗ്രസ് (എം) നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ. മാണി മത്സരിക്കുമെന്ന വിവരം മുന്‍ മന്ത്രി കൂടിയായ റോഷി അഗസ്റ്റിനാണ് അറിയിച്ചത്.

Content Highlight: We need at least 13 seats, we will discuss whether we can get more: Jose K. Mani

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more