| Tuesday, 11th November 2025, 4:32 pm

ഇന്ത്യയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്; പ്രധാനമന്ത്രി... നിങ്ങൾ മറ്റ് പണി നോക്കൂ: മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ദൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.

ഇന്ത്യയെ സംരക്ഷിക്കാൻ ശക്തമായ ഒരു സർക്കാർ ആവശ്യമാണ് പ്രധാനമന്ത്രിക്ക് വേണമെങ്കിൽ വേറെ പണിനോക്കാമെന്ന് മഹുവ എക്സിൽ പറഞ്ഞു.

ഇന്ത്യക്ക് ശക്തമായ ഒരു സർക്കാരിനെ ആവശ്യമാണെന്നും തനിക്ക് തിരികെ പോയി വേണമെങ്കിൽ ചായക്കട നടത്താമെന്നുമുള്ള നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചായിരുന്നു മഹുവയുടെ വിമർശനം.

ദൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തൃണമൂൽ കോൺഗ്രസ് എം.പി പോസ്റ്റ് പങ്കുവെച്ചത്.

ആഭ്യന്തരമന്ത്രി അമിത്ഷായെയും മഹുവ വിമർശിച്ചു. ഇന്ത്യയ്ക്ക് വേണ്ടത് കഴിവുള്ള ആഭ്യന്തര മന്ത്രിയെയാണെന്നും മുഴുവൻ സമയവും വിദ്വേഷ പ്രചരണം നടത്തുന്ന മന്ത്രിയെയല്ലെന്നും മഹുവ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്രയധികം പരാജയപ്പെടുന്നതെന്നും മഹുവ ചോദിച്ചു.

പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സ്വന്തം പൗരന്മാർ രാജ്യത്ത് മരിച്ചു വീഴുമ്പോൾ നരേന്ദ്ര മോദി വിദേശത്ത് ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.

‘സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ ക്യാമറകൾക്കുമുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന സേവകൻ. ഓരോ സ്ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ട്പ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നു,’ നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.

ഓരോ തവണയും ഒന്നും സംഭവിക്കാത്തതുപോലെ ഒരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്ന ഒരേ മനുഷ്യൻ അമിത്ഷായാണെന്നും മനസാക്ഷിയുള്ള ആളായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞിരിക്കുമെന്നും അമിത്ഷായെ വിമർശിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.

ദൽഹി ചെങ്കോട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇന്ന് ഭൂട്ടാനിലെത്തിയത്. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിങ്ങിയേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം.

അതേസമയം, തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ ദല്‍ഹി പൊലീസ് യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: We need a strong government to protect India; Prime Minister you should look after other work: Mahua Moitra

We use cookies to give you the best possible experience. Learn more