ഇംഫാൽ: മണിപ്പൂരിൽ ഒരു സർക്കാർ വേണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. സർക്കാർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മോഹൻ ഭാഗവത് പറഞ്ഞു.
ഇംഫാലിൽ നടന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ വടക്കു കിഴക്കേ ഇന്ത്യയിലെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം മണിപ്പൂരിലെത്തിയത്.
മണിപ്പൂരിൽ സർക്കാറിനെ സ്ഥാപിക്കാൻ താൻ വലിയ താത്പര്യം കാണിക്കുന്നില്ല. എന്നാൽ മണിപ്പൂരിൽ ഒരു സർക്കാർ ഉണ്ടായിരിക്കണമെന്നും എന്റെ അറിവിൽ സർക്കാറും പാർട്ടികളും അതിനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
രണ്ട് മിനിറ്റിൽ നാശം നടക്കുന്ന കാര്യമാണെന്നും ഒരു നിർമാണം രണ്ട് വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ ജനങ്ങളെ വ്യത്യസ്ത അടിത്തറകളിൽ വേർപ്പെടുത്താതിരിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടന്നിരുന്നെന്നും തങ്ങൾ സ്വത്വം, സമാധാനം, ഭൗതിക കാര്യങ്ങളൊന്നും നശിപ്പിക്കാതെ എല്ലാവരെയും കൂടെകൊണ്ടുപോകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
സമാധാന നിർമ്മാണത്തിന് ക്ഷമ, കൂട്ടായ പരിശ്രമം, സാമൂഹിക അച്ചടക്കം എന്നിവ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവാദിത്തം സർക്കാരിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും പൊതുജനത്തെക്കുറിച്ചുള്ള അവബോധമാണ് പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്. എസിനെക്കുറിച്ച് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് ധാരണകളിലൂടെയും പ്രചാരണങ്ങളിലൂടെയുമാണെന്നും അതിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ട് സംഘടനയെ മനസ്സിലാക്കണമെന്നും
മോഹൻ ഭാഗവത് ആളുകളോട് ആവശ്യപ്പെട്ടു.
നേരത്തെ അസം സന്ദർശനത്തിന്റെ ഭാഗമായി ഗുവാഹത്തിയിൽ നടന്ന പരിപാടിക്കിടെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും ഭാരതമെന്ന സങ്കൽപ്പത്തിൽ അഭിമാനം കൊള്ളുന്നവരെല്ലാം ഹിന്ദുക്കളാണെന്നും ഭാരതവും ഹിന്ദുവും പര്യായപദങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: We need a government in Manipur: RSS chief Mohan Bhagwat