| Saturday, 20th June 2026, 12:03 pm

മലപ്പുറം ജില്ല വിഭജിക്കുകയല്ല, മലബാറില്‍ ഒരു കേന്ദ്ര ഭരണപ്രദേശമാണ് വേണ്ടത്: വിശ്വ ഹിന്ദു പരിഷത്ത്

നിഷാന. വി.വി

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കുന്നതിന് പകരം മലബാര്‍ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന് വി.എച്ച്.പി. സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് പഠിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെയാണ് വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അനില്‍ വിളയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ജനസംഖ്യാ വര്‍ധവനല്ല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടതെങ്കില്‍ മലബാറിന്റെ സമ്പൂര്‍ണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും കോഴിക്കോടോ മലപ്പുറമോ ആസ്ഥാനമാക്കി ഒരു കേന്ദ്ര ഭരണ പ്രദേശം വരുന്നതാണ് നല്ലതെന്ന് വി.എച്ച്.പി നേതാവ് പറഞ്ഞു.

മലബാര്‍ കേന്ദ്ര ഭരണ പ്രദേശമാക്കേണ്ടതിന്റെ കാരണങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സതീശന്‍ മന്ത്രി സഭ ലീഗിന് കീഴടങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

‘ലീഗും മുസ്‌ലിം സംഘടനകളും കുറെ ഏറെ നാളായി പറയുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കാര്യമാണ് മലപ്പുറത്തെ വിഭജിക്കണമെന്ന്. ഇന്നത്തെ ബജറ്റില്‍ ഇതിന് അംഗീകാരം തത്വത്തില്‍ നല്‍കിയ രീതിയിലാണ് മുഖ്യമന്ത്രി പ്രതീകരിച്ചതും. ജനസംഖ്യാ പെരുപ്പമല്ല വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടത് എങ്കില്‍ മലബാറിന്റെ സമ്പൂര്‍ണ്ണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരുന്നതാണ് നല്ലത്.

ഇന്ന് കേരള മുഖ്യമന്ത്രി ജില്ലകളുടെ വിഭജനത്തിനുവേണ്ടി കമ്മീഷനെ വെക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്തിനാണ് വെറുതെ ഇതിനൊക്കെ പണം മുടക്കുന്നത്. കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഇപ്പോള്‍ തന്നെ വളരെ പരിതാപകരമാണ് . ഏറ്റവും എളുപ്പമാര്‍ഗം മലബാറിന്റെ വികസനത്തിന് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശം എന്നത് തന്നെയാണ്, വി.എച്ച്.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തെ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലപ്പുറം ജില്ലയെ വിഭജിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അനില്‍ വിളയിലിന്റെ പ്രസ്താവന.

Content Highlight: We need a central administrative region in Malabar, not a division of Malappuram district: Vishwa Hindu Parishad

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more