കൊച്ചി: നിലവിലെ വൈദ്യുതി പ്രതിസന്ധി തകർന്നുപോകാനുള്ള ഒന്നല്ലെന്നും, സമഗ്രമായ ഒരു ഊർജനയവും മികച്ച പവർ മാനേജ്‌മെന്റും രൂപപ്പെടുത്താനുള്ള വലിയൊരു അവസരമായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
എനർജി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂലമായി വരുന്ന സാഹചര്യങ്ങളെ നമുക്ക് അനുകൂലമാക്കി മാറ്റാൻ ഇതൊരു അവസരമായി കാണണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാരാളം വെള്ളമുള്ള നാടാണെന്ന് കരുതി മുൻപ് ഹൈഡൽ പവറിനെ മാത്രം ആശ്രയിക്കുകയും മറ്റു സംസ്ഥാനങ്ങൾക്ക് വെള്ളം വിട്ടുകൊടുക്കുകയും ചെയ്തതിലൂടെ ചില പാളിച്ചകൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
ഹൈഡൽ പവർ ജനറേറ്റ് ചെയ്ത കാലത്തും കാസർഗോഡ് ഉൾപ്പെടെയുള്ള പല ജില്ലകളിലും വോൾട്ടേജ് ഉണ്ടായിരുന്നില്ലെന്നും, ട്രാൻസ്മിഷൻ സംവിധാനങ്ങളുടെ കുറവാണ് അതിന് കാരണമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ ട്രാൻസ്മിഷൻ നഷ്ടവും വൈദ്യുതി മോഷണവും ഗണ്യമായി കുറയ്ക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ദേശീയ ശരാശരിയേക്കാൾ താഴെയായി ഇത് എട്ട് ശതമാനത്തിൽ എത്തിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈലന്റ് വാലി ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പുനരധിവാസ വിഷയങ്ങളും കാരണം വലിയ ഹൈഡൽ പ്രോജക്ടുകൾക്ക് ഇനി സംസ്ഥാനത്ത് പരിമിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ തെർമൽ പവർ, ന്യൂക്ലിയർ എനർജി എന്നിവ സ്ഥാപിക്കുന്നതിനെതിരെ വലിയ ജനകീയ എതിർപ്പുകൾ ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ കേരളം നോൺ-കൺവെൻഷണൽ, റിന്യൂവബിൾ എനർജിയിലേക്ക് മാറിയേ തീരൂ. ഡിമാൻഡിൽ ഒറ്റ വർഷം കൊണ്ട് വലിയ വർധനവുണ്ടായെന്നും കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും സെക്കൻഡറി പ്രശ്നങ്ങൾ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വെറും 15 ശതമാനം മാത്രമാണ് നിലവിൽ ഇവിടെ ഉത്പ്പാദിപ്പിക്കുന്നതെന്നും ബാക്കി മുഴുവൻ പുറത്തുനിന്ന് വാങ്ങുകയാണെന്നും, മഴക്കാലത്ത് അയൽസംസ്ഥാനങ്ങൾക്ക് നൽകി വേനൽക്കാലത്ത് തിരിച്ചുവാങ്ങുന്ന ‘സ്വാപ്പ്’ സംവിധാനം നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുള്ളതിനാൽ ഇപ്പോൾ ലഭ്യത കുറവാണെന്ന് എനർജി കോൺക്ലേവിൽ അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ഉണ്ടാക്കിയ ദീർഘകാല കരാർ എട്ടു വർഷത്തിന് ശേഷം നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി റദ്ദാക്കിയതിനെയും അദ്ദേഹം വിമർശിച്ചു.
ഇതിലൂടെ നേട്ടമുണ്ടാക്കുന്നതിന് പകരം എട്ടു രൂപ മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവർഷം 13,000 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയിരുന്നതെന്നും ഇത് ഈ വർഷം 16,000 കോടി രൂപയായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറത്തുനിന്ന് വൻതുകയ്ക്ക് വൈദ്യുതി വാങ്ങുന്നതുകൊണ്ടാണോ കെ.എസ്.ഇ.ബിയിലെ ചിലർ പുനരുപയോഗ ഊർജ്ജ പദ്ധതികളെ എതിർക്കുന്നതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ വരുന്ന ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ വ്യക്തമായ പോളിസികളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight:We must view the power crisis as an opportunity; a comprehensive policy is needed to shift to renewable energy”: V.D. Satheesan.