| Tuesday, 28th August 2018, 2:39 pm

നട്ടെല്ലില്ലാത്ത മോദി സര്‍ക്കാരിനെ പാഠം പഠിപ്പിച്ചിരിക്കും: ബി.ജെ.പി നേതൃത്വത്തിനെതിരെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എം.കെ സ്റ്റാലിന്‍. നട്ടെല്ലില്ലാത്ത മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും മോദിയെ അധികാരക്കസേരയില്‍ നിന്ന് പിഴുതെറിയുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനയെ തന്നെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മതേതര ഇന്ത്യയെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് വേണം. അത് സംരക്ഷിക്കാനായി ഡി.എം.കെ പ്രവര്‍ത്തകര്‍ ഒന്നിച്ച് അണി ചേരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.


വിദേശസഹായം സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമെന്ന് ഇ. ശ്രീധരന്‍


ഈ നിമിഷം മുതല്‍ ഞാന്‍ പുനര്‍ജനിക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയസാഹചര്യം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും കലയും സാഹിത്യവും മതവും എല്ലാം മതവര്‍ഗീയ ശക്തികള്‍ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുയാണ്, ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയെ പോലും അവര്‍ അസ്ഥിരപ്പെടുത്തുന്നു. മതേതരമൂല്യങ്ങളെല്ലാം അവര്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഞായറാഴ്ചയാണ് സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. സ്റ്റാലിനല്ലാതെ മറ്റാരും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നില്ല. മറ്റുനടപടിക്രമങ്ങളില്ലാതെ തന്നെ സ്റ്റാലിന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു.

2016 തമിഴ്നാട് നിയമസഭാ കാലം മുതല്‍ തന്നെ ഡി.എം.കെയുടെ മുന്‍നിരയിലുണ്ടായിരുന്ന സ്റ്റാലിനെ 2017ലെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു. ഡി.എം.കെയുടെ നേതൃസ്ഥാനം കരുണാനിധി സ്റ്റാലിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് പാര്‍ട്ടി ഖജാന്‍ജിയായിരുന്ന അദ്ദേഹം വര്‍ക്കിങ് പ്രസിഡന്റായശേഷവും ഖജാന്‍ജി സ്ഥാനത്തു തുടര്‍ന്നു.

സ്വന്തം സഹോദരനായ എം.കെ അഴഗിരിയാണ് സ്റ്റാലിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 2014ല്‍ അഴഗിരിയെ ഡി.എം.കെയില്‍ നിന്നും പുറത്താക്കിയിരുന്നു.

കരുണാനിധിയുടെ മരണത്തിനു പിന്നാലെ തന്നെ ഡി.എം.കെയില്‍ അധികാര തര്‍ക്കം ഉടലെടുത്തിരുന്നു. ഡി.എം.കെയുടെ യഥാര്‍ത്ഥ അനുയായികള്‍ തനിക്കൊപ്പമാണെന്ന് പറഞ്ഞ് അഴഗിരി രംഗത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more