| Monday, 16th November 2026, 12:57 pm

മിനാബ് സ്‌കൂള്‍ ആക്രമണം; യു.എസ് നേവി ഓഫീസര്‍മാരെ വീണ്ടും ഭീഷണിപ്പെടുത്തി ഇറാന്‍

ദേവിക ജയചന്ദ്രന്‍

പ്രിട്ടോറിയ: മിനാബിലെ പ്രൈമറി സ്‌ക്കൂളിന് നേരെ ടോമാഹോക് മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടെന്ന് ആരോപിച്ച് രണ്ട് യു.എസ് നാവിക ഉദ്യോഗസ്ഥര്‍ക്ക് ഇറാന്റെ വധഭീഷണി. ഫെബ്രുവരി 28ന് മിനാബിലുള്ള പ്രൈമറി സ്‌കൂളിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ 168 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിങ്ങളെ ഞങ്ങള്‍ കണ്ടെത്തും എന്ന് മുന്നറിയിപ്പോടെ ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസിയാണ് എക്‌സിലൂടെ ഭീഷണി മുഴക്കിയത്. ആക്രമണത്തിന് ഉത്തരവിട്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പേരുകളും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

യു.എസ്.എസ് സ്പ്രൂവന്‍സ് യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫീസര്‍ കമാന്‍ഡര്‍ ലീ ആര്‍. ടേറ്റിനെയും എക്‌സിക്യൂട്ടിവ് ഓഫീസര്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ജെഫ്രി ഇ. യോര്‍ക്കിനെയുമാണ് ഇറാന്‍ എംബസി പേരെടുത്ത് പരാമര്‍ശിച്ചത്.

അക്രമണത്തിന് പിന്നാലെ മാര്‍ച്ച് 28ന് ഇരുവരുടെയും പേരുകള്‍ ഇറാന്‍ എംബസി പുറത്തുവിട്ടിരുന്നു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് മിസൈല്‍ വിക്ഷേപിക്കാന്‍ ഉത്തരവിട്ടത് ഇവരാണെന്നും ഇവര്‍ക്ക് സ്വന്തം കുട്ടികളില്ലേ എന്നുമായിരുന്നു അന്നത്തെ കുറിപ്പ്.

357 ദിവസം നീണ്ട സൈനിക നടപടികള്‍ പൂര്‍ത്തിയാക്കി യു.എസ്.എസ് സ്പ്രൂവന്‍സ് വെള്ളിയാഴ്ച സാന്‍ ഡിയേഗോയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ ഭീഷണി. രണ്ട് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി ലക്ഷ്യമിട്ടതില്‍ യുഎസില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഇറാന്‍ ശ്രമിക്കരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്‍ എംബസിയുടെ ഭീഷണി പുറത്തുവന്നത്.

നവംബര്‍ 12ന് റേഡിയോ അവതാരകന്‍ ഹ്യൂ ഹെവിറ്റുമായുള്ള അഭിമുഖത്തില്‍, ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഇറാന്‍ വധിച്ചാല്‍ യു.എസിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടിയായി അവര്‍ക്ക് അധികകാലം നിലനില്‍ക്കാനാവില്ല. അവര്‍ പിന്നെ ഉണ്ടാകില്ല എന്നാണ് ട്രംപ് മറുപടി പറഞ്ഞത്.

അതിനിടെ, ഇറാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വധഭീഷണികളെ തുടര്‍ന്ന് വാഷിങ്ടണിന് സമീപമുള്ള വസതിയില്‍നിന്ന് സൈനിക താവളത്തിലേക്ക് താമസം മാറിയതായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ കണക്കിലെടുത്ത് അമേരിക്കയില്‍ ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Content Highlight: We’ll find you, Iran threatens to two US Navy officers for Minab school strike.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more