| Sunday, 6th July 2025, 6:48 am

നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകും; അമേരിക്ക പാർട്ടി രൂപീകരിച്ച് എലോൺ മസ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ച് ശതകോടീശ്വരൻ എലോൺ മസ്‌ക്. ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി മസ്‌ക് തന്റെ എക്‌സിലൂടെ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായതിന് പിന്നാലെയാണ് മസ്കിന്റെ പ്രഖ്യാപനം.

തന്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അനുയായികളോട് ഒരു പുതിയ യു.എസ് രാഷ്ട്രീയ പാർട്ടി സൃഷ്ടിക്കണമോ എന്ന് മസ്‌ക് ചോദിച്ചിരുന്നു. ചോദ്യത്തിന്റെ ഒരു ദിവസത്തിന് ശേഷം, ശനിയാഴ്ച പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് മസ്‌ക് പ്രഖ്യാപനം നടത്തുകയായിരുന്നു.

‘ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്. രണ്ടിൽ ഒന്ന് എന്ന അനുപാതത്തിൽ, നിങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി വേണമെന്ന് നിങ്ങൾ പറഞ്ഞു. നിങ്ങൾക്ക് അത് ലഭിക്കും,’ അദ്ദേഹം കുറിച്ചു.

നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ, നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണെന്ന് വിമർശിച്ച മസ്‌ക് നിലവിലെ രാഷ്ട്രീയ വ്യവസ്ഥകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.

ജൂലൈ നാലിന് നടന്ന യു.എസ് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ, മസ്‌ക്  എക്‌സിലൂടെ പുതിയ രാഷ്ട്രീയ പാർട്ടി വേണോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. ‘നിലവിലെ സംവിധാനത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാൻ സ്വാതന്ത്ര്യദിനം മികച്ച സമയമാണ്! നമ്മൾ അമേരിക്ക പാർട്ടി സൃഷ്ടിക്കണോ?,’ അദ്ദേഹം ചോദിച്ചു. 65.4 ശതമാനം ആളുകൾ ‘വേണം’ എന്ന് വോട്ട് ചെയ്തപ്പോൾ 34.6 ശതമാനം പേർ ‘വേണ്ട’ എന്ന് വോട്ട് ചെയ്തു. ഈ ശക്തമായ പിന്തുണയാണ് പാർട്ടി രൂപീകരണത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി.

ട്രംപ് ഭരണകൂടത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവൻ സ്ഥാനത്ത് നിന്നും മസ്‌ക് രാജിവെച്ച് പുറത്ത് പോയിരുന്നു. പിന്നാലെ ട്രംപ് മുന്നോട്ടുവെച്ച ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബില്ലിനെതിരെ മസ്‌ക് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിൽ ജനപ്രതിനിധി സഭയിൽ പാസായിരുന്നു. 218ല്‍ 214 അനുകൂല വോട്ടാണ് ബില്ലിന് ലഭിച്ചത്. നേരത്തെ യു.എസ് സെനറ്റും ബില്‍ അംഗീകരിച്ചിരുന്നു.

മുമ്പ് ട്രംപിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം സംഭാവന നൽകുകയും ചെയ്തിട്ടുള്ള മസ്‌ക്, ട്രംപിന്റെ പുതിയ നികുതി ബില്ലിനെതിരെ നിരന്തരം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബിൽ രാജ്യത്തിന്റെ മൊത്തം കടം അഞ്ച് ട്രില്യൺ ഡോളറിലധികം വർധിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ പ്രതിരോധം, ഊർജം, അതിർത്തി സുരക്ഷ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ ആവശ്യപ്പെടുന്നു. അതേസമയം പോഷകാഹാര, ആരോഗ്യ സംരക്ഷണ പദ്ധതികളിലെ ധനസഹായം ഈ ബില്ലിൽ വെട്ടിക്കുറക്കപ്പെടും. ഈ ബിൽ പ്രാബല്യത്തിൽ വന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കയുടെ ദേശീയ കമ്മിയിൽ ഏകദേശം 3.3 ട്രില്യൺ ഡോളർ അധികരിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു.

Content Highlight: We live in one-party system: Elon Musk launches ‘America Party’

We use cookies to give you the best possible experience. Learn more