സനാ: വിശുദ്ധ നഗരമായ മക്കയെ ഡ്രോണ്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടെന്ന സൗദി സഖ്യസേനയുടെ ആരോപണം പൂര്‍ണമായും തള്ളി യമനിലെ ഹൂത്തി വിമതര്‍.
മക്കയോ മറ്റ് വിശുദ്ധ സ്ഥലങ്ങളോ ആക്രമിക്കാന്‍ തങ്ങള്‍ മുതിര്‍ന്നിട്ടില്ലെന്നും സൗദിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ഹൂത്തി രാഷ്ട്രീയകാര്യ സമിതി അംഗം മുഹമ്മദ് അല്‍ ഫറാഹ് പറഞ്ഞു.
‘വിശുദ്ധ നഗരങ്ങളെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ശ്രദ്ധയും ആദരവും മക്കയോടും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളോടും ഞങ്ങള്‍ക്കുണ്ട്’ ഫറാഹ് കൂട്ടിച്ചേര്‍ത്തു.
മക്കയുടെ തെക്കുഭാഗത്ത് ഹൂത്തികളുടെ ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായി സൗദി നയിക്കുന്ന സൈനിക സഖ്യം അവകാശപ്പെട്ടതിന് പിന്നാലെയാണ് ഹൂത്തികളുടെ പ്രതികരണം.
ഇതിനെത്തുടര്‍ന്ന് മക്കയിലും സമീപ പ്രദേശങ്ങളായ ജിദ്ദ, തായിഫ് എന്നിവിടങ്ങളിലും സൗദി അധികൃതര്‍ സുരക്ഷാ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി ഹൂത്തികള്‍ രംഗത്തെത്തിയത്.
സൗദി ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ഹൂത്തികളുടെ വാദം. യെമനിലെ സൈനിക ഇടപെടല്‍, ഉപരോധം, അധിനിവേശം എന്നിവ കാരണം സൗദി നേരിടുന്ന തിരിച്ചടികളില്‍ നിന്നും പരാജയത്തില്‍ നിന്നും ലോകശ്രദ്ധ തിരിക്കാനാണ് സൗദി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഹൂത്തികള്‍ കുറ്റപ്പെടുത്തി.
സൗദിയുടെ തെറ്റായ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ മറച്ചുവെക്കാനും യമനിലെ ജനങ്ങള്‍ക്കെതിരെ ലോക മുസ്‌ലിങ്ങളെ വൈകാരികമായി ഇളക്കിവിടാനുമാണ് ഈ വ്യാജ പ്രചാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘യെമന് മേലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക, ഉപരോധം പിന്‍വലിക്കുക, വര്‍ഷങ്ങളായി യെമനിലെ ജനങ്ങള്‍ക്ക് യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവ മാത്രമാണ് ശാശ്വതമായ പരിഹാരം. ഇതിലൂടെ മാത്രമേ സൗദിക്ക് സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കാനാകൂ,’ അല്‍ ഫറാഹ് ചൂണ്ടിക്കാട്ടി.
തുറന്ന പോരാട്ടത്തിന് വഴിവെക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും, സൈനിക നടപടി തുടരുന്നത് സൗദിയുടെ പ്രധാന സാമ്പത്തിക-എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി.
മക്ക ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ സൗദിയുടെ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടെന്നാണ് സൗദി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അവകാശപ്പെട്ടിരുന്നു.
മക്കയുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ സൗദിയെ സംബന്ധിച്ച് റെഡ് ലൈന്‍ ആണെന്നും അതിന്മേലുള്ള ഏതൊരു ആക്രമണ നീക്കത്തെയും ശക്തമായ പ്രതിരോധ നടപടികളിലൂടെ നേരിടുമെന്നും അവര്‍ പറഞ്ഞിരുന്നു.
2017 ജൂലൈയിലെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമത്തിന് ശേഷം മക്കയെ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന രണ്ടാമത്തെ വലിയ ശ്രമമാണിതെന്നും സൗദി വക്താവ് അവകാശപ്പെട്ടു.
Content Highlight: We hold Mecca in higher regard than those who exploit it for political gain: Houthis respond to Saudi allegations of targeting Mecca.