| Wednesday, 7th May 2025, 6:24 pm

രാജ്യത്തെ നിഷ്‌കളങ്കരെ കൊന്നവരോടാണ് ഞങ്ങള്‍ പകരം ചോദിച്ചത്: രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ നിഷ്‌കളങ്കരായ ആളുകളെ കൊന്നവരോടാണ് പ്രതികാരം ചോദിച്ചതെന്നും പ്രത്യാക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കൃത്യതയോടും ജാഗ്രതയോടും കൂടിയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും സൈന്യത്തിനും നന്ദി അറിയിക്കുന്നുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

സ്വന്തം മണ്ണില്‍ നടന്ന ആക്രമണത്തില്‍ പ്രതികരിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയായിരുന്നുവെന്നും ഭീകരരുടെ മനോവീര്യം തകര്‍ക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നടപടി ഭീകരരുടെ ക്യാമ്പുകളിലും മറ്റ് കേന്ദ്രങ്ങളിലേക്കും മാത്രമായി പരിമിതപ്പെടുത്തിയുള്ളതായിരുന്നെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരര്‍ക്ക് അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ മണ്ണില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളിലെന്നപോലെ ഈ ആക്രമണത്തിലും അന്വേഷണം പാകിസ്ഥാന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇന്നലെ രാത്രി ഇന്ത്യന്‍ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചുകൊണ്ട് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ സായുധ സേന കൃത്യതയോടെയും ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും പ്രവര്‍ത്തിച്ചു. ഞങ്ങള്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ ആസൂത്രിത പദ്ധതി പ്രകാരം കൃത്യമായി നശിപ്പിക്കപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നന്നായി ചിന്തിച്ചുകൊണ്ടെടുത്ത പ്രതികരണമായിരുന്നു ഈ ഓപ്പറേഷനെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

പഹല്‍ഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായും 60ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുലര്‍ച്ചെ 1:44 നായിരുന്നു ആക്രമണം നടത്തിയത്. മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്‌ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.

ജയ്ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുമ്പുതന്നെ ശേഖരിച്ചിരുന്നു. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.

Content Highlight: We have asked for revenge from those who killed innocent people of the country: Rajnath Singh

We use cookies to give you the best possible experience. Learn more