മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തിയ ചിത്രമാണ് ലോകഃ ചാച്റ്റർ വൺ: ചന്ദ്ര. മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി ലോകഃ ചാപ്റ്റർ വൺ ചന്ദ്ര മാറി.
മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ സിനിമകളുടെ കളക്ഷൻ റെക്കോഡാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം തകർത്തത്. ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയതിനൊപ്പം 1995ൽ മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യവും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
മലയാള സിനിമയെ സംബന്ധിച്ച് താരങ്ങളെ ആവശ്യമില്ലെന്നും താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ചിത്രം വിജയിക്കില്ലെന്നും മമ്മൂട്ടി പറയുന്നുണ്ട്.
മമ്മൂട്ടിയുടെ വാക്കുകൾ,
‘സിനിമയെ സംബന്ധിച്ചിടത്തോളം, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം, അല്ലെങ്കിൽ കഥകളെ സംബന്ധിച്ചിടത്തോളം താരങ്ങളെ ആവശ്യമില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവും കരുത്തുമുള്ള നടൻമാരെയാണ് ആവശ്യം.
മലയാളത്തിൽ ഒരു സിനിമയും താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഓടുകയില്ല. താരത്തിന്റെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങളുള്ള, ഏറ്റവും നല്ല കഥാപാത്രത്തിനെ മാത്രമേ ജനങ്ങൾ കാണാൻ താത്പര്യപ്പെടൂ…
വെറുതെ ഒരു താരത്തെ എക്‌സ്‌പോസ് ചെയ്താൽ കാണാൻ ആളുണ്ടാകില്ല. ഒരു മോശം സിനിമയെ ആരെക്കൊണ്ടും നന്നാക്കാൻ ഒക്കില്ല. മോശം സിനിമ എന്നും മോശം സിനിമ തന്നെയായിരിക്കും. ഒരു സൂപ്പർ സ്റ്റാർ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്നുവിളിക്കുന്നതാണ് എനിക്ക് സന്തോഷം’
ലോകഃ 300 കോടി സ്വന്തമാക്കിയെന്ന ഔദ്യോഗിക അറിയിപ്പ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ പതിപ്പുകളും വിജയിച്ചു. ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും എത്തിയിരുന്നു.
കല്യാണി പ്രിയദർശൻ, നസ്‌ലെന്‍ എന്നിവർക്ക് പുറമേ ടൊവിനോ തോമസ്, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ചിത്രം നിർമിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ്.
Content Highlight: We don’t need stars; we need talented actors and content; Mammootty’s words on discussion