ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര കൊള്ളയ്ക്ക് പിന്നാലെ സി.ഇ.ഒയെ നിയമിക്കാനുള്ള നടപടിയില്‍ വിവാദം. സി.ഇ.ഒ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അയോധ്യയിലെ സന്യായിമാര്‍ രംഗത്തെത്തി.
ക്ഷേത്രത്തെ നയിക്കേണ്ടത് ഒരു ഭരണാധികാരിയല്ല മറിച്ച് അറിവുള്ള ധര്‍മാചാര്യനോ രാമസേവകനോ ആയിരിക്കണമെന്ന് സന്യാസിമാര്‍ പറഞ്ഞു. ശ്രീരാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് ഏതാനും ദിവസം മുമ്പ് സി.ഇ.ഒയെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് സന്യാസിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
സി.ഇ.ഒ നിയമനത്തിന് ഇതുവരെ ആയിരത്തിലധികം അപേക്ഷകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ ജൂലൈ 18 വരെ അവസരമുണ്ട്.
‘ക്ഷേത്രം വ്യക്തിയുടെയോ സംഘടനയുടേയോ ഉടമസ്ഥതയിലല്ല, മതത്തേക്കുറിച്ച് അറിവുള്ള സന്യാസിമാരാണ് ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ഞങ്ങള്‍ക്ക് സി.ഇ.ഒയെ ആവശ്യമില്ല സേവകനെയാണ് ആവശ്യം,’ ജഗത് ഗുരു എന്നറിയപ്പെടുന്ന സതീഷ് ആചാര്യ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീരാമന്‍ സന്നിഹിതനായിരിക്കുന്ന ക്ഷേത്രത്തില്‍ സി.ഇ.ഒയുടെ ആവശ്യമില്ലെന്നും നിലവിലെ ട്രസ്റ്റ് പിരിച്ച് വിട്ട് പുതിയ ട്രസ്റ്റ് രൂപീകരിക്കണമെന്നും പ്രമുഖ സന്യാസിയായ മഹന്ത് ധര്‍മദാസ് പറഞ്ഞു.
‘ അഖാഡകളില്‍ നിന്നുള്ള മതനേതൃത്വം ക്ഷേത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാവില്ലായിരുന്നു. ഭണ്ഡാര കൊള്ളയില്‍ അറസ്റ്റിലായവര്‍ക്കെതിരെ കര്‍ശന നടപടി വേണം,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ സി.ഇ.ഒ നിയമനത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, റിട്ട. ലഫ്റ്റനന്റ് ജനറല്‍ വിഷ്ണു കാന്ത് ചതുര്‍വേദി, ലഫ്റ്റന്റ് ജനറല്‍ സുരേഷ് ഹവാരെ എന്നിവരാണ് സമിതിയിലുള്ളത്.
ക്ഷേത്ര ട്രസ്റ്റിന്റെ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ ഏകോപിക്കുന്നത് ഇനി സി.ഇ.ഒ ആയിരിക്കും. ട്രസ്റ്റിന്റെ അനുമതിയോടെ ജീവനക്കാരെ നിയമിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും സി.ഇ.ഒയ്ക്കും അധികാരമുണ്ട്.
Content Highlight: We do not need a CEO; we need a servant of Ram: Ayodhya seers question the appointment of a CEO for the Ram Temple.