| Thursday, 16th July 2026, 1:23 pm

പ്രിയനോടും മോഹന്‍ലാലിനോടും ജാതി ചോദിച്ച് എന്‍.എസ്.എസ് കരയോഗം ഉണ്ടാക്കിക്കളയാം എന്നുകരുതിയല്ല സുഹൃത്തുക്കളായത്: ജി സുരേഷ് കുമാര്‍

ആര്യ.പി

മോഹന്‍ലാലും പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും സുരേഷ്‌കുമാറുമൊക്കെയടങ്ങുന്ന ഗ്രൂപ്പിനെ ‘ട്രിവാന്‍ഡ്രം ബെല്‍റ്റ്’ എന്നും ‘നായന്മാരുടെ ബെല്‍റ്റ്’ എന്നും ചിലര്‍ ബ്രാന്‍ഡ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍.

‘പ്രിയനോടും മോഹന്‍ലാലിനോടുമൊന്നും ജാതി ചോദിച്ചല്ല കൂട്ടുകാരായതെന്നും ഒരു എന്‍.എസ്.എസ് കരയോഗം ഉണ്ടാക്കിക്കളയാം എന്ന് കരുതിയൊന്നുമല്ല തങ്ങളുടെ ഈ സൗഹൃദം തുടങ്ങിയതെന്നും സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവിനുമൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെ ഇപ്പോള്‍ ബെല്‍റ്റ് മാറി ബക്കിള്‍ ആയി. ഓരോരുത്തരായി കൊഴിഞ്ഞ് പോയല്ലോ. ശരിക്കും അങ്ങനെ ഒരു ഗ്രൂപ്പുണ്ടായിരുന്നു. പിന്നെ നമ്മള്‍ ജാതി ചോദിച്ചല്ല സുഹൃദ് വലയം ഉണ്ടാക്കിയത്. പ്രിയനും ഞാനും മോഹന്‍ലാലുമൊന്നും പരസ്പരം ജാതി ചോദിച്ചല്ല വന്നത്. ഒരു എന്‍.എസ്.എസ് കരയോഗം ഉണ്ടാക്കിക്കളയാം എന്ന് പറഞ്ഞല്ലല്ലോ നമ്മള്‍ സിനിമയില്‍ വന്നത്. അങ്ങനെ ഒരു പരിപാടിയേ ഇല്ല. നമ്മുടെ സിനിമയില്‍ നായന്മാരെ മാത്രമല്ല അഭിനയിപ്പിച്ചത്. നമ്മുടെ പേരിന്റെ പിറകിലൊന്നും വാലൊന്നും വെച്ചിട്ടുമില്ല.

പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ photo: Mathrubhumi

വന്ന് ചേര്‍ന്നവരൊക്കെ നായന്മാരാണെന്ന് പിന്നീടാണ് മനസിലായത്. മാത്രമല്ല ഇവര്‍ നായന്മാരുടെ ഗ്രൂപ്പാണെന്ന് ബാക്കിയുള്ളവരെല്ലാം പറയാന്‍ തുടങ്ങി. ഭയങ്കര ചീത്തപ്പേര് ഉണ്ടായി. നമ്മള്‍ ഒരിക്കലും അങ്ങനെ ജാതി ചോദിച്ചിട്ടില്ല.

ഇവിടെ ഞങ്ങള്‍ക്ക് വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ഇവിടുന്ന് പോയി. ഇപ്പോള്‍ ഇതാ പ്രിയനും ഇവിടെ ഉണ്ടായിരുന്ന വീട് വിറ്റ് എറണാകുളത്തേക്ക് പോകുകയാണ്.

പൃഥ്വിരാജ്, മോഹന്‍ലാല്‍ ഇവരൊക്കെ തിരുവനന്തപുരത്ത് നിന്ന് പോയില്ലേ. പിന്നെ ഇവിടെ ഉള്ളവരൊന്നും മോശക്കാരല്ലല്ലോ. പോകുന്നവര്‍ പോട്ടെ, ആരൊക്കെ പോയാലും തിരുവനന്തപുരം തിരുവനന്തപുരമായി ഉണ്ടാകും,’ സുരേഷ് കുമാര്‍ പറഞ്ഞു.

പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ PHOTO: Nowrunning

സിനിമയില്‍ ജാതിയില്ലെന്നും മോഹന്‍ലാലിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ഫാസിലാണെന്നും മമ്മൂട്ടിയെ കൊണ്ടുവന്നത് എം.ടി. വാസുദേവന്‍ നായരാണെന്നമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. അതില്‍ നിന്ന് തന്നെ ജാതിയില്ലെന്ന കാര്യം വ്യക്തമാണല്ലോയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

മുന്‍പ് ഇവിടെയൊരു ബെല്‍റ്റുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആ ബെല്‍റ്റൊക്കെ മാറ്റി എറണാകുളത്ത് കിട്ടുന്ന ബെല്‍റ്റ് വാങ്ങിച്ച് കെട്ടാന്‍ തുടങ്ങിയെന്നായിരുന്നു പ്രിയദര്‍ശന്റെ തമാശ രൂപേണയുള്ള മറുപടി.

Content Highlight: We didn’t become friends by asking each other’s caste says Producer Suresh Kumar

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more