മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ഹരിഹരന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമക്ക് ശേഷം നായകനായും സഹനടനായും ഹാസ്യ വേഷത്തിലുമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 100ൽ അധികം സിനിമകളിൽ സൈജു ഭാഗമായിട്ടുണ്ട്.
അടുത്തിറങ്ങിയ ഭരതനാട്യം, സ്ഥാനാർത്തി ശ്രീക്കുട്ടൻ, അഭിലാഷം തുടങ്ങിയ ചിതങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കാനും സൈജുവിന് കഴിഞ്ഞു. ഭരതനാട്യം എന്ന സിനിമ നിർമിച്ചതും അദ്ദേഹമാണ്. ഇപ്പോൾ തനിക്ക് നേരെ വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു.
‘കഥാപാത്രങ്ങൾ ട്രോളാവുന്നത് നന്നായി ആസ്വദിക്കാറുണ്ട്. ‘പ്രോബ്ലം സ്റ്റാർ’ എന്ന വിളിയും ഞാൻ ആസ്വദിച്ചു. എന്നെയും എന്റെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അവർ എന്നെ പിന്തുടരുന്നത്. ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ട്രോളിലൂടെ മനസിലാക്കാൻ സാധിക്കും. അതാണല്ലോ ഈ ‘പ്രോബ്ലം സ്റ്റാർ’ എന്ന വിളിക്ക് പിന്നിൽ. സിനിമയിൽ ഇത്രയും വലിയ പ്രാരാബ്ധക്കാരനായിരുന്നു ഞാനെന്ന് മനസിലായത് ട്രോളിലൂടെയാണ്,’ സൈജു പറയുന്നു.
ഓരോ കഥാപാത്രങ്ങളും ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അത് പ്രേക്ഷകർ സ്വീകരിക്കുമ്പോൾ സന്തോഷം തോന്നുമെന്നും അദ്ദേഹം പറയുന്നു. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചുവെന്നും അതിന്റെ അനുഭവസമ്പത്ത് ഇപ്പോൾ തനിക്കുണ്ടെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.
തനിക്ക് ആത്മവിശ്വാസം കൂടിയെന്നും അതുകൊണ്ടുതന്നെ ഏത് വേഷവും ചെയ്യാൻ താൻ തയ്യാറാണെന്നും നടൻ പറഞ്ഞു.
ഓരോദിവസവും അഭിനയ സാധ്യതകളുള്ള പുതിയ വേഷങ്ങൾ കിട്ടണമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്നും പുതിയ കഥാപാത്രങ്ങൾ കിട്ടണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും സൈജു കുറുപ്പ് പറഞ്ഞു. അതിന് വേണ്ടി അവസരങ്ങൾ ചോദിക്കാറുണ്ടെന്നും തന്റെ ജോലി അഭിനയമാണ് അതിന് മടി കാണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.
Content Highlight: We can understand things through trolls says Saiju Kurupp