ടെഹ്റാന്‍: യു.എസ് സൈന്യം ഇറാനെതിരെ കരയാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കന്‍ സൈനികര്‍ ഇറാന്‍ മണ്ണിലെത്തിയാല്‍ തീയിട്ട് നശിപ്പിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു.
‘അമേരിക്കന്‍ സൈനികരുടെ വരവിനായി കാത്തിരിക്കുകയാണ്, അവരെ തീയിടാനും അവരുടെ പ്രാദേശിക പങ്കാളികളെ എന്നെന്നേക്കുമായി ശിക്ഷിക്കാനും. ഞങ്ങളുടെ വെടിവയ്പ്പ് തുടരുന്നു. ഞങ്ങളുടെ മിസൈലുകള്‍ സ്ഥലത്തുണ്ട്. ഞങ്ങളുടെ ദൃഢനിശ്ചയവും വിശ്വാസവും വര്‍ധിച്ചു,’ ബാഗര്‍ ഖാലിബാഫ് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കരയാക്രമണം നടത്തുമെന്നും ഖാര്‍ഗ് ദ്വീപ് ഏറ്റെടുക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇറാന്‍ മാധ്യമവും ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘നരകത്തിലേക്ക് സ്വാഗതം’ എന്ന് ഒന്നാം പേജില്‍ എഴുതിയാണ് ടെഹ്റാന്‍ ടൈംസ് പ്രതികരിച്ചത്. ഇറാന്‍ മണ്ണില്‍ കാലുകുത്തുന്ന യു.എസ് സൈനികര്‍ ഒരു ശവപ്പെട്ടിയില്‍ മാത്രമേ തിരികെ പോകൂവെന്നും പത്രത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇറാന്‍ ഔദ്യോഗികമായി യു.എസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യു.എസ് പശ്ചിമേഷ്യയില്‍ 2,500 മറൈന്‍ സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ചിരുന്നു. ഖാര്‍ഗ് ദ്വീപിലും ഹോര്‍മുസ് കടലിടുക്കിലും സംഘര്‍ഷം രൂക്ഷമാകുമെന്നാണ് സൂചന.
യു.എസിനും ഇസ്രഈലിനും തിരിച്ചടിയായി യെമനിലെ ഹൂത്തികള്‍ ശനിയാഴ്ച സംഘര്‍ഷത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇസ്രാഈലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചാണ് ഹൂത്തികള്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 300-ലധികം യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായും കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ സംയുക്താക്രമണത്തിന് അന്ത്യം കുറിക്കാനായി ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പാകിസ്ഥാനില്‍ യോഗം ചേര്‍ന്നു.
Content Highlight: We are waiting; If you set foot in Iran, we will burn you to the ground; Iran warns US military