| Sunday, 7th September 2025, 8:16 am

'ഞങ്ങള്‍ ഹിന്ദുക്കളല്ല ആദിവാസികള്‍'; കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം. ‘ഞങ്ങള്‍ ഹിന്ദുക്കളല്ല, ആദിവാസികളാണ്’ എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

‘ഞങ്ങള്‍ ഹിന്ദുക്കളല്ല, ആദിവാസികളാണ്. ഇത് ഞാന്‍ വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്. ശബരിയാണ് ശ്രീരാമനെ ഊട്ടിയത്. ശബരി ഒരു ആദിവാസിയാണ്,’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. രാമായണത്തിലെ സ്ത്രീ സന്ന്യാസിയായ ഒരു കഥാപാത്രമാണ് ശബരി.

പരാമർശം ബി.ജെ.പി വിവാദമാക്കിയതോടെ മുഖ്യമന്ത്രി മോഹന്‍ യാദവ് ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നിരന്തരം ഹിന്ദുവിരുദ്ധ വാചാടോപത്തില്‍ ഏര്‍പ്പെടുന്നതായി മോഹന്‍ യാദവ് ആരോപിച്ചു.

കോണ്‍ഗ്രസ് എപ്പോഴും ഹിന്ദുക്കള്‍ക്കും ഹിന്ദുത്വത്തിനും എതിരെ പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്ന നേതാക്കള്‍ക്ക് ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും മോഹന്‍ യാദവ് പറഞ്ഞു.

പിന്നാലെ പരാമര്‍ശത്തില്‍ ഉമാങ് സിംഗര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഒരു വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ സംസാരിച്ചതെന്നും ആദിവാസി സമൂഹത്തിന്റെ പൈതൃകവും പാരമ്പര്യങ്ങളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും സിംഗര്‍ പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസ്വതത്തെ ഹിന്ദു മതത്തിന് കീഴില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗോത്രങ്ങളുടെ മേല്‍ ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. താന്‍ ഹിന്ദുമതത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഗോത്രവര്‍ഗക്കാരാണ് ഈ രാജ്യത്തെ ആദിമ നിവാസികള്‍. പ്രകൃതിയെ ആരാധിക്കുന്നതില്‍ നിന്ന് തങ്ങളുടെ തടയാന്‍ എന്തിനാണ് ശ്രമിക്കുന്നതെന്നും സിംഗര്‍ ചോദിക്കുന്നു.

സെപ്റ്റംബര്‍ നാലിനാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ചിന്ദ്വാരയില്‍ നടന്ന ആദിവാസി വികസന കൗണ്‍സില്‍ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു സിംഗറിന്റെ പരാമര്‍ശം.

Content Highlight: ‘We are tribals, not Hindus’; BJP demands apology from Congress leader Umang singhar

We use cookies to give you the best possible experience. Learn more