| Monday, 30th March 2026, 1:33 pm

'ഞങ്ങള്‍ തന്നെയാണ് ഭീകരവാദികള്‍': മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി യു.എസ് മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാനിലെ മിനാബ് നഗരത്തിലുള്ള പ്രൈമറി സ്‌കൂളിന് നേരെ യു.എസ് നടത്തിയ മിസൈല്‍ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈന്യത്തിലെ മുന്‍ ഇന്റലിജന്‍സ് ഓഫീസറായ ജോസഫിന്‍ ഗില്‍ബോ.

മിനാബ് സ്‌കൂളില്‍ നടന്നത് അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് ഗില്‍ബോ പറയുന്നു.

അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ തന്നെ ഭീകരവാദ നിര്‍വചനത്തിന് കീഴില്‍ വരുന്നതാണെന്നും ഗില്‍ബോ ആരോപിച്ചു.

17 വര്‍ഷം യു.എസ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും ഡി.ഐ.എ, എന്‍.എസ്.എ  തുടങ്ങിയ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഗില്‍ബോ.

‘ മിനാബിലെ ആക്രമണത്തെ കുറിച്ച് ഞാന്‍ നിങ്ങളോട് പറയാം. അമേരിക്കന്‍ യുദ്ധക്കപ്പലില്‍ നിന്നുള്ള ആക്രമണത്തില്‍ 165 കൊച്ചു പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ആധുനിക ടോമാഹോക്ക് മിസൈലുകളില്‍ ക്യാമറകളുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും തത്സമയം നിരീക്ഷിക്കുന്നുണ്ട്.

ആ സ്‌കൂളിനെക്കുറിച്ച് സാറ്റലൈറ്റ് ചിത്രങ്ങള്‍ എന്താണ് കാണിച്ചുതരുന്നത്? ആ സ്‌കൂളിന് ചുറ്റും പൂക്കളുടെയും മറ്റും വര്‍ണ്ണാഭമായ ചുവര്‍ച്ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അത് ഒരു വിദ്യാലയമാണെന്ന് തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ടോമാഹോക്ക് മിസൈലിലെ ക്യാമറയിലൂടെ നോക്കുമ്പോഴും അത് വ്യക്തമായിരുന്നു

രാവിലെ 10 മണിക്ക് ഇസ്രഈലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ തുടങ്ങി. 10:20-ഓടെ മിനാബ് സ്‌കൂളിലെ ജീവനക്കാര്‍ കുട്ടികളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു.

ആദ്യത്തെ മിസൈല്‍ സ്‌കൂളില്‍ പതിച്ചു. കുട്ടികള്‍ പ്രാര്‍ത്ഥനാ മുറിയിലേക്ക് മാറി. രണ്ടാമത്തെ മിസൈല്‍ കൃത്യമായി ആ പ്രാര്‍ത്ഥനാ മുറിയില്‍ തന്നെ പതിച്ചു. 163 കുട്ടികള്‍ അവിടെ വെച്ച് കൊല്ലപ്പെട്ടു. മൂന്നാമത്തെ മിസൈല്‍ അടുത്തുള്ള മറ്റൊരു സ്ഥലത്താണ് വീണത്.

അമേരിക്കന്‍ നാവികസേന ഒരു ലക്ഷ്യം ആക്രമിക്കുന്നതിന് മുമ്പ് പല ഏജന്‍സികളും ഉദ്യോഗസ്ഥരും അത് ശരിയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കമാന്‍ഡര്‍ ലെലേ ആര്‍. ടേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ. യോര്‍ക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള യു.എസ്.എസ് ബ്രൂണറ്റ്സ് എന്ന കപ്പലാണ് ഈ ടോമാഹോക്ക് മിസൈല്‍ തൊടുത്ത് 165 പെണ്‍കുട്ടികളെ കൊന്നത്.

ഈ ക്രൂരതയ്ക്ക് ശേഷം മാര്‍ച്ച് 4, 10, 18 തീയതികളില്‍ ആ കപ്പല്‍ വീണ്ടും ആയുധങ്ങള്‍ നിറച്ച് അടുത്ത ദൗത്യങ്ങള്‍ക്ക് തയ്യാറായി. ഒരന്വേഷണവും നടന്നില്ല, ആരും കോണ്‍ഗ്രസിന് മുന്നില്‍ മറുപടി പറയേണ്ടി വന്നില്ല. വെറും നിശബ്ദതയും നുണകളും മാത്രം.

നമ്മുടെ തന്നെ ഭീകരവാദ നിര്‍വ്വചനമനുസരിച്ച് ആരാണ് യഥാര്‍ത്ഥത്തില്‍ ഭീകരവാദികള്‍? ഈ കഥയിലെ വില്ലന്മാര്‍ ആരാണ്? ഒരു മുന്‍ കൗണ്ടര്‍ ടെററിസം ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും – നമ്മള്‍ തന്നെയാണ് ഭീകരവാദികള്‍,

നമ്മളാണ് മോശം ആളുകള്‍. നമ്മുടെ സൈനികര്‍ കൊല്ലപ്പെടാന്‍ പോവുകയാണ്. അവര്‍ വെറും കരുക്കള്‍ മാത്രമായി മാറുന്നു. എലൈറ്റ് ക്ലാസ്സുകാര്‍ക്ക് വേണ്ടി അവര്‍ ബലികൊടുക്കപ്പെടുന്നു.

എനിക്ക് അവരെ രക്ഷിക്കാന്‍ കഴിയുമോ എന്ന് അറിയില്ല, എങ്കിലും ഞാന്‍ ശ്രമിക്കും. ഞാന്‍ യു.എസ്.എസ് ട്രിപ്പോളി കമാന്‍ഡര്‍ ക്യാപ്റ്റന്‍ പാട്രിക് ജെ. സള്ളിവനോട് ആവശ്യപ്പെടുകയാണ്. ദയവുചെയ്ത് കപ്പല്‍ ഇപ്പോള്‍ തന്നെ നിര്‍ത്തുക, അത് തിരിച്ചുവിടുക.

യുദ്ധക്കുറ്റങ്ങളിലും നമ്മുടെ സഹോദരങ്ങളുടെ മരണത്തിലും നിങ്ങള്‍ പങ്കാളിയാവുകയാണ്. അവരുടെ രക്തം നിങ്ങളുടെ കൈകളില്‍ പുരളും. ക്യാപ്റ്റന്‍ സള്ളിവന്‍, കപ്പല്‍ തിരിച്ചുവിടുക’ ഗില്‍ബോ പറഞ്ഞു.

2026 ഫെബ്രുവരി 28ന് തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഷജറ തയ്യിബ പ്രൈമറി സ്‌കൂളിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ 175 ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.
കൊല്ലപ്പെട്ടവരില്‍ 100-ലധികം പേര്‍ 7-നും 12-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു.

Content Highlight: We Are Terrorists” Says US Army Veteran Josephine Guilbeau about Minab School Attack

We use cookies to give you the best possible experience. Learn more