[]ന്യൂദല്‍ഹി: ജാമ്യത്തിലാണെങ്കില്‍ പോലും തങ്ങള്‍ ഇപ്പോഴും ജയിലിലാണെന്ന് സോണി സോറി. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഛത്തീസ്ഗഢ് പോലീസ് അറസ്റ്റ് ചെയ്ത സോണി സോറിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയ സോണി സോറിയേയും സഹോദര പുത്രനായ ലിങ്കാരത്തേയും സ്വന്തം നാടായ ഛത്തീസ്ഗഢില്‍ പ്രവേശിക്കുന്നതിന് വിലക്കിയിരിക്കുകയാണ്.
“എനിക്കെന്റെ നാട്ടില്‍ പോകാന്‍ കഴിയുന്നില്ല. ജയിലിലെ അനുഭവങ്ങള്‍ തരണം ചെയ്യാന്‍ എനിയ്ക്കാവും. ഒരു കാരണവുമില്ലാതെ പാവപ്പെട്ട ആദിവാസികളെ ജയിലിലടയ്ക്കുന്നത് അവിടത്തെ പതിവാണ്. പക്ഷേ നാട് നഷ്ടപ്പെട്ടതാണ് വിഷമം. എന്റെ കുട്ടികളുടെയടുത്ത് പോവാന്‍ പോലും കഴിയുന്നില്ല”- സോണി പറയുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കുട്ടികളെ കാണാന്‍ നാട്ടിലേക്ക് പോയ ഇവര്‍ക്ക് 24 മണിക്കൂര്‍ സമയമാണ് പോലീസ് അനുവദിച്ചത്. ഇപ്പോള്‍ ഇവരുടെ അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസിനൊപ്പം ദല്‍ഹിയിലാണ് ഇവര്‍ കഴിയുന്നത്.
എല്ലാ ദിവസവും പോലീസ് സ്‌റ്റേഷനില്‍ ഹാജരാവണം. ഇവരുടെ കേസിന്റെ വിശദാംശങ്ങള്‍ അറിയാത്ത ദല്‍ഹി പോലീസ് ഇവരെ നക്‌സലുകളായാണ് പരിഗണിക്കുന്നത്.
“ലാല്‍സലാം, മാവോയിസ്റ്റ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാല്‍ ഛത്തീസ്ഗഢില്‍ നിങ്ങള്‍ നക്‌സലൈറ്റുകളാവും. അറസ്റ്റ് ചെയ്യപ്പെടും. എന്നാല്‍ ദല്‍ഹിയില്‍ ധാരാളം ആളുകള്‍ ലാല്‍സലാം എന്ന് പറയുന്നു.”- സോണി പറയുന്നു.
“ഇവിടെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ക്‌സിനെ പഠിയ്ക്കുന്നു. അങ്ങനെയാണെങ്കില്‍ അവരെയെല്ലാം അറസ്റ്റു ചെയ്യേണ്ടേ?”- ലിങ്കാരം ചോദിക്കുന്നു.
ഛത്തീസ്ഗഢില്‍ പൊലീസ് കസ്റ്റഡിയില്‍ 12 തവണ കൂട്ടബലാത്സംഗത്തിനിരയായതായി സോണിസോറി നേരത്തേ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
വ്യവസായ ഗ്രൂപ്പായ എസ്സാറിന്റെയും മാവോയിസ്റ്റുകളുടെയും ആളാണെന്നാരോപിച്ച് 2011 ലാണ് ഛത്തീസ്ഗഢ് പോലീസ് ആദിവാസി മേഖലകളില്‍ അധ്യാപികയായിരുന്ന സോണി സോറിയെ അറസ്റ്റ് ചെയ്യുന്നത്.
കസ്റ്റഡിയില്‍ വച്ച സോണി സോറി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതും ശാരീരികാതിക്രമങ്ങള്‍ക്ക് വിധേയയാക്കപ്പെട്ടതും ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സോണി സോറി സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞമാസമാണ് സുപ്രീംകോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.