ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിട്ട 56 ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ തങ്ങളുടെ പേര് ചേര്‍ത്തത് സമ്മതം കൂടാതെയെന്ന് രണ്ട് മുന്‍ ജഡ്ജിമാര്‍. മുന്‍ ജസ്റ്റിസുമാരായ എസ്. രവീന്ദ്രനും സുരേഷ് കൈത്തുമാണ് അമിത് ഷാക്കെതിരെ രംഗത്തെത്തിയത്.
ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിക്കെതിരെ അമിത് ഷാ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഛത്തീസ്ഗഡില്‍ പൊലീസിനൊപ്പം നക്‌സലുകള്‍ക്കെതിരെ പോരാടിയ സാല്‍വ ജൂദും സായുധസംഘത്തെ പിരിച്ചുവിടാൻ സുപ്രീം കോടതി ജഡ്ജിയായിരിക്കെ സുദര്‍ശന്‍ റെഡ്ഡി ഉത്തരവിട്ടെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
സുദര്‍ശന്‍ റെഡ്ഡി മാവോയിസ്റ്റുകളെ പിന്തുണച്ചിരുന്ന ആളായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ രൂപീകരിച്ച സാല്‍വ ജൂദുമിനെ പിരിച്ചുവിട്ടതെന്നുമാണ് ഷാ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ 18 മുന്‍ ജഡ്ജിമാര്‍ ചേര്‍ന്ന് ഒരു പ്രസ്താവനയിറക്കി.
പിന്നാലെ ഈ പ്രസ്താവനക്കെതിരെ 56 ജഡ്ജിമാര്‍ ചേര്‍ന്ന് ചൊവ്വാഴ്ച മറ്റൊരു പ്രസ്താവന പുറത്തിറക്കി. 18 ജഡ്ജിമാരുടെ പ്രസ്താവന രാഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതും സ്വാതന്ത്ര്യത്തെ ബാധിക്കുന്നതുമാണെന്നുമാണ് രണ്ടാമത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും മുന്‍ കേരള ഗവര്‍ണറുമായ ജസ്റ്റിസ് പി. സദാശിവം, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ് തുടങ്ങിയവരാണ് ഈ പ്രസ്താവന പുറത്തിറക്കിയത്. ബി.ജെ.പി പ്രൊഫൈലുകളിലൂടെയാണ് പ്രസ്താവന പുറത്തുവന്നത്.
എന്നാല്‍ 56 ജഡ്ജിമാരുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ സമ്മതം നല്‍കിയിട്ടില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയായ എസ്. രവീന്ദ്രനും താന്‍ എവിടെയും ഒപ്പിട്ടിട്ടില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് സുരേഷ് കൈത്തും പറഞ്ഞതായി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറയുന്നു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ചാവേറുകളായിരുന്നു സാല്‍വ ജൂദും. ആദിവാസികള്‍ക്ക് തുച്ഛമായ പണം നല്‍കി മാവോയിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ അണിനിരത്തിയിരുന്നത് സാല്‍വ ജൂദുമാണ്. ഇവര്‍ക്കെതിരെ സുദര്‍ശന്‍ റെഡ്ഡി വിധി പറഞ്ഞില്ലായിരുന്നുവെങ്കില്‍ 2020ഓടെ മാവോയിസ്റ്റ് ഭീകരത അവസാനിച്ചേനെയെന്നുമാണ് അമിത് ഷാ പറഞ്ഞത്.
Content Highlight: ‘We are not among those 56 judges’; Former judges against the list released by Amit Shah