| Monday, 22nd June 2026, 7:30 am

ലെബനനില്‍ സൈനിക നടപടിക്ക് താത്പര്യമില്ല: ട്രംപിന്റെ ആവശ്യം തള്ളി സിറിയ

സിജൊ

ദമാസ്‌കസ്: ലെബനനില്‍ സൈനിക നടപടി നടത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ. ലെബനനുമായി സൈനിക നടപടിക്കായല്ല സാമ്പത്തിക ഇടപെടലിനായാണ് ശ്രമിക്കുന്നതെന്ന് അല്‍ മഷാദ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തില്‍ ഷറാ വ്യക്തമാക്കി.

ലെബനനില്‍ സിറിയ സൈനിക നടപടി ആരംഭിക്കണമെന്ന് ട്രംപ് അടുത്തിടെ ഒന്നിലധികം തവണ ആവശ്യപ്പെട്ടിരുന്നു. ലെബനനിലെ ഹിസ്ബുല്ലക്കെതിരായ സൈനിക നടപടിയില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്നും പകരം സിറിയ ഏറ്റെടുക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം.

ഏറ്റവുമൊടുവില്‍ ഇന്നലെയാണ് (ഞായറാഴ്ച) ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിന് പിറകെയാണ് ഷറായുടെ പ്രതികരണം. ട്രംപ് ഉന്നയിക്കുന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലായിരുന്നു ലെബനനില്‍ സൈനിക ഇടപെടലിന് താത്പര്യമില്ലെന്ന് സിറിയന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്.

‘ഞങ്ങള്‍ ലെബനനും സിറിയയും തമ്മിലുള്ള സാമ്പത്തിക മാര്‍ഗങ്ങളുടെ കാര്യമാണ് പരിഗണിക്കുന്നത്. സൈനികമായ വഴികള്‍ ആലോചിക്കുന്നില്ല,’ എന്ന് അഹമ്മദ് അല്‍ ഷറ അഭിമുഖത്തില്‍ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനാണ് തങ്ങള്‍ യു.എസിനോട് ആവശ്യപ്പെടുന്നതെന്നും സിറിയന്‍ പ്രസിഡന്റ് പറഞ്ഞു. ലെബനന്റെ കാര്യത്തില്‍ സിറിയക്ക് പല വഴികളുമുണ്ട്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പരിഹാര മാര്‍ഗങ്ങളുണ്ട്. സിറിയക്കും ലെബനനും ഇടയിലെ ബന്ധം പുനസ്ഥാപിക്കുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിസ്ബുല്ലയെ നേരിടാന്‍ ഇസ്രഈലിന് കഴിയുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണമെന്നാണ് ട്രംപ് ഇന്നലെയും ആവശ്യപ്പെട്ടത്. ഹിസ്ബുല്ലയെ നിര്‍ണായകമായി പരാജയപ്പെടുത്തുന്നതില്‍ ഇസ്രഈല്‍ പരാജയപ്പെട്ടുവെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുന്ന സൈനിക തന്ത്രങ്ങളെയാണ് അവര്‍ അമിതമായി ആശ്രയിക്കുന്നതെന്നും ട്രംപ് ഇസ്രഈലിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചത്. ‘ഹിസ്ബുല്ലയെ അവസാനിപ്പിക്കാന്‍ ഇസ്രഈലിന് കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്,’ എന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

ഹിസ്ബുല്ലയെ നേരിടുന്ന കാര്യത്തില്‍ സിറിയന്‍ നേതൃത്വത്തിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വാദവും ട്രംപ് ഇന്നലെ ആവര്‍ത്തിച്ചു. ഈ ദൗത്യം സിറിയയെ ഏല്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ മാസം ഇത് മൂന്നാം തവണയാണ് ട്രംപ് ലെബനനില്‍ സിറിയന്‍ ഇടപെടല്‍ ആവശ്യപ്പെട്ടത്. അടുത്തിടെ പാരീസില്‍ നടന്ന ജി-7 ഉച്ചകോടിയിലും ട്രംപ് ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറായെ അന്ന് അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സിറിയ ലെബനനില്‍ അധിനിവേശം നടത്തി ഹിസ്ബുല്ലയെ പരാജയപ്പെടുത്തുകയാണ് തനിക്ക് വേണ്ടതെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. സൈനിക നടപടി മുന്നോട്ട് കൊണ്ടുപോകാന്‍ ഷറാ പ്രാപ്തനാണെന്നും കഴിഞ്ഞ ബുധനാഴ്ച ജി സെവന്‍ ഉച്ചകോടിക്കിടെ ട്രംപ് അഭിപ്രായപ്പെട്ടു.

ഇസ്രഈല്‍ കൂടുതല്‍ സമയമെടുക്കുന്നു. കൂടാതെ നിരവധി പേരാണ് ഇസ്രഈല്‍ ആക്രമണങ്ങള്‍ കൊല്ലപ്പെടുന്നത്. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറായുടെ സൈന്യം ഇസ്രഈലിനെക്കാള്‍ ഭേദപ്പെട്ട രീതിയില്‍ ആയിരുന്നു പ്രവര്‍ത്തിച്ചതെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു.

ഈ മാസം തുടക്കത്തിലും ട്രംപ് സമാന വാദം ഉന്നയിച്ചിരുന്നു. ഇസ്രഈല്‍ ലെബനനില്‍ സൈനിക നടുപടികളില്‍ നിന്ന് ഒഴിവാകണം എന്നും സിറിയ ഏറ്റെടുക്കണമെന്നുമായിരുന്നു അന്നും ട്രംപ് പറഞ്ഞത്. ഇസ്രഈല്‍ സൈനിക നടപടിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നെന്നും അന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.

Content Highlight: We are looking for economic channels between Lebanon and Syria, not military ones: Syrian President Sharaa Denies Trumps Demand

സിജൊ

We use cookies to give you the best possible experience. Learn more