വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡസ് (ഡബ്ല്യൂ.സി.എല്‍) ടൂര്‍ണമെന്റില്‍ വീണ്ടും വിവാദം. ഇന്ത്യ ചാമ്പ്യന്‍സുമായി പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പോയിന്റ് പങ്കിടാന്‍ വിസമ്മതിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടൂര്‍ണമെന്റില്‍ ജൂലൈ 20ന് ബെര്‍മിങ്ഹാമില്‍ നടക്കാനിരുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഉപേക്ഷച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതോടെ മത്സരം ഉപേക്ഷിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. ഈ മത്സരത്തിന്റെ പോയിന്റ് ഇന്ത്യയുമായി പങ്കിടാന്‍ പാകിസ്ഥാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മത്സരം ഉപേക്ഷിച്ചതിന്റെ കാരണം ആതിഥേയരായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് (ഇ.സി.ബി) സംഘാടകര്‍ വിശദീകരിച്ചിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, രണ്ട് പോയിന്റുകള്‍ ഇന്ത്യയുമായി പങ്കിടുന്നതില്‍ പാകിസ്ഥാന്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നതിനാല്‍ തങ്ങള്‍ക്ക് മുഴുവന്‍ പോയിന്റും ലഭിക്കണമെന്ന് പാകിസ്ഥാന്‍ വാദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘സംഘാടകര്‍ എന്ന നിലയില്‍ ഈ മത്സരം നടത്താന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ഡബ്ല്യൂ.സി.എല്‍ അറിയിച്ചു. അതില്‍ കുറ്റക്കാര്‍ ഇന്ത്യന്‍ ചാമ്പ്യന്‍സല്ല.
അതേസമയം, പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പോയ്ന്റ്‌സ് പങ്കുവയ്ക്കാന്‍ തയ്യാറല്ല. അവരല്ല, ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അവരുടെ വാദം,’ ഡബ്ല്യൂ.സി.എല്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രണ്ടാം സീസണിലെ ഇന്ത്യ ചാമ്പ്യന്‍സിന്റെ ആദ്യ മത്സരത്തിനായി ആരാധകര്‍ വളരെ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. കഴിഞ്ഞ സീസണില്‍ പാകിസ്ഥാനെ തകര്‍ത്ത് കിരീടമണിഞ്ഞ ഇന്ത്യ പുതിയ സീസണിലും ഷാഹിദ് അഫ്രിദിയെയും സംഘത്തെയും പരാജയപ്പെടുത്തിക്കൊണ്ട് തന്നെ ക്യാമ്പെയ്ന്‍ ആരംഭിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്.
അതിനിടെയാണ് മത്സരം ഉപേക്ഷിച്ചത്. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല.
വിവാദങ്ങള്‍ക്കിടെ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം.
Content Highlight: WCL: Pakisthan Champions refuse to share points saying India backout, not them