| Wednesday, 1st January 2025, 4:48 pm

വയനാട് പുനരധിവാസം ഒറ്റഘട്ടം; ടൗണ്‍ഷിപ്പില്‍ സ്‌കൂളുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കല്‍പ്പറ്റയിലും നെടുമ്പാലയിലുമായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുക. ടൗണ്‍ഷിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കി.

നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ പത്ത് സെന്റിലും കല്‍പ്പറ്റയില്‍ അഞ്ച് സെന്റിലുമായിരിക്കും വീടുകള്‍ പണിയുക. ഈ ടൗണ്‍ഷിപ്പില്‍ ആശുപത്രി, മാര്‍ക്കറ്റ്, അങ്കണവാടി, സ്‌കൂള്‍, പാര്‍ക്കിങ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാകും.

ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് പുറത്തുവിടും. കിഫ്ബിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിക്കിയിട്ടുണ്ട്. കിഫ്‌കോണ്‍ ആണ് നിര്‍മാണ ഏജന്‍സി. നിര്‍മാണ കരാര്‍ നിര്‍ദേശം ഊരാളുങ്കലിന് നല്‍കും.

2024ന്റെ ദു:ഖമായിരുന്നു വയനാടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളരെപ്പെട്ടെന്ന് തന്നെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ടൗടണ്‍ഷിപ്പിന് പുറത്ത് വീട് നിര്‍മിച്ച് ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കും. ഏകദേശം 750 കോടി രൂപയാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ചെലവായി വരുന്നതെന്നാണ് സര്‍ക്കാരിന്റെ വിയയിരുത്തല്‍. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുനരധിവാസത്തിനായി വീട് നിര്‍മിച്ച് നല്‍കാം എന്ന് പറഞ്ഞ 38 പേരുമായി ചര്‍ച്ചകള്‍ നടത്തിയതായി അദ്ദേഹം വാാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗം സമിതിക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. നെടുംമ്പാല എസ്റ്റേറ്റിലേയും കല്‍പ്പറ്റ എസ്റ്റേറ്റിലേയും ഏറ്റെടുക്കാന്‍ കഴിയാത്ത ഭൂമിയില്‍ പ്രസ്തുത കമ്പനികള്‍ക്ക് പ്ലാന്റേഷനുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുമെന്നും സര്‍ക്കാര്‍ അറയിച്ചു.

കൂടാതെ ദുരന്തം നടന്ന പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം അവിടെ മുമ്പ് ജീവിച്ചവര്‍ക്ക് തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി പഞ്ഞു.ഉരുള്‍ പൊട്ടിയ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള പദ്ധതികള്‍ പിന്നീട് ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Wayanad rehabilitation single phase; Facilities in the township including schools and Anganwadis; Agreement is signed

We use cookies to give you the best possible experience. Learn more