കല്‍പ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. വയനാട്ടിലെ വീടുകളുടെ എണ്ണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ കണക്കുകള്‍ ആര്‍ക്കും മനസ്സിലാകാത്തതാണെന്നും, ബോധപൂര്‍വം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
വയനാട്ടില്‍ ആകെ 410 വീടുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിലവില്‍ 50 വീടുകള്‍ക്കായി 10 കോടി രൂപയാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, വീട് പണിയാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കുന്നില്ലെന്ന ആരോപണം ശുദ്ധമായ കളവാണെന്നും ഒരു സംഘടനയോ വ്യക്തിയോ ഇതുവരെ രേഖാമൂലം സര്‍ക്കാരിനോട് ഭൂമി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണോ മറുപടി. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് എന്ന് പറഞ്ഞതുപോലെ ഞങ്ങളുടെ നെഞ്ചത്ത് എന്തിനാ കേറുന്നത്.
നിങ്ങള്‍ പണം പിരിച്ചതിന്റെ കണക്കില്ലെങ്കില്‍, നിങ്ങള്‍ പണം പിരിച്ചതിന്റെ കണക്ക് മുക്കിയ ആരെങ്കിലും ഉണ്ടെങ്കില്‍, ഇതുവരെ സ്ഥലം മേടിക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍, ഞങ്ങളുടെ ഗവണ്‍മെന്റിന് നേരെ എന്തിനാണ് കേറുന്നത്. ഞങ്ങള്‍ ആരും അത് പരിശോധിക്കാന്‍ വരുന്നില്ല.
നിങ്ങള്‍ നാട്ടുകാരുടെ കയ്യില്‍ നിന്ന് പിരിച്ച പണത്തിന് നിങ്ങള്‍ അവരോട് സമാധാനം പറയാമെന്നല്ലാതെ ഞങ്ങള്‍ക്ക് അതില്‍ എന്ത് കാര്യം? പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം, ഞാന്‍ വെല്ലുവിളിച്ചു തന്നെ സൂചിപ്പിക്കട്ടെ സര്‍ക്കാര്‍ ഭൂമി നല്‍കാത്തതിന്റെ പേരിലാണ് നിര്‍മാണ പ്രവര്‍ത്തനം നടത്താത്തത് എന്ന് പറഞ്ഞാല്‍ അത് ശുദ്ധമായ കളവാണ്.
കേരളത്തിലെ ഗവണ്‍മെന്റിനോട് ഞങ്ങള്‍ക്ക് വീട് പണിയാന്‍ ഭൂമി തരണം എന്ന് ഒരാളും ആവശ്യപ്പെട്ടിട്ടില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല എവിടെയെങ്കിലും പൊതുസമ്മേളനം നടത്തി പ്രസംഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല കേരളത്തിലെ ഗവണ്‍മെന്റിനോട് ഭൂമി ഞങ്ങള്‍ക്ക് തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരാളും രേഖാമൂലം അങ്ങനെ ഒരു പരാതി നല്‍കിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
സ്‌പോണ്‍സര്‍മാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വീട് നിര്‍മാണത്തിനുള്ള തുക 25 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി കുറച്ചിട്ടുണ്ട്. ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. അതുപോലെ, ഓരോ വീടിനും നല്‍കുന്ന സ്ഥലം 5 സെന്റില്‍ നിന്ന് 7 സെന്റായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ദുരന്തബാധിതര്‍ക്ക് പ്രതിമാസം നല്‍കുന്ന 9,000 രൂപയുടെ ഉപജീവന സഹായം ജനുവരി മാസത്തിലും മുടങ്ങാതെ നല്‍കി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വീടുകളിലേക്ക് മാറുന്നത് വരെ വാടക സഹായം തുടരുമെന്നും കേരള ചരിത്രത്തിലാദ്യമായി കച്ചവടക്കാര്‍ക്ക് ഉണ്ടായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന് നല്‍കിയ സഹായങ്ങളെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. തമിഴ്‌നാട് (5 കോടി), ആന്ധ്രപ്രദേശ് (10 കോടി), രാജസ്ഥാന്‍ (5 കോടി) എന്നിങ്ങനെയാണ് സഹായങ്ങള്‍ ലഭിച്ചത്.
മുന്‍കാലങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ കേരളം ഒഡീഷ, അസം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അങ്ങോട്ടും സഹായിച്ചിട്ടുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Content Highlight: Wayanad rehabilitation: K. Rajan criticizes the opposition